വിജയ് സേതുപതി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
നായകനെന്നോ വില്ലനെന്നോ ഭേദമില്ലാതെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച നടനാണ് വിജയ് സേതുപതി. രജനികാന്തിന്റെ പേട്ട, വിജയ് നായകനായ മാസ്റ്റർ, കമൽ ഹാസൻ ചിത്രം വിക്രം എന്നിവയിലെ വില്ലൻവേഷങ്ങൾ അദ്ദേഹത്തിന് ഏറെ പ്രശംസനേടിക്കൊടുത്തിരുന്നു. സ്വന്തം നായക കഥാപാത്രങ്ങളേക്കാൾ കയ്യടി നേടുകയും ചെയ്തു അവ.
നായകനായി അഭിനയിക്കുമ്പോൾ എന്തുകൊണ്ട് വില്ലൻ വേഷങ്ങൾ ചെയ്യുന്നു എന്നതിന് വലിയൊരുത്തരമുണ്ട് വിജയ് സേതുപതിയുടെ പക്കൽ. വലിയ നടന്മാർക്കൊപ്പമാണ് വില്ലനായി അഭിനയിച്ചത്. അവരുടെയെല്ലാം റീച്ച് വളരെ വലുതാണെന്നും പറയുകയാണ് അദ്ദേഹം. പുതിയ ചിത്രമായ ഡിഎസ്പിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇൻഡ്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് മക്കൾ സെൽവൻ ഇക്കാര്യം പറഞ്ഞത്.
"വിജയ് സാറിന്റെയും രജനി സാറിന്റെയും കമൽ സാറിന്റെയുമെല്ലാം ഫാൻസ് വളരെയധികമുണ്ട്. ഇപ്പോൾ ഷാരൂഖ് ഖാനൊപ്പവും അഭിനയിച്ചു. വില്ലൻ എന്നു പറയുന്നത് ഒരു പവറാണ്. യഥാർത്ഥ ജീവിതത്തിൽ അതിന് കഴിയില്ല. മോശമായി പെരുമാറാനുള്ള ലൈസൻസാണ് സ്ക്രീനിൽ വില്ലൻ വേഷം. എല്ലാവരിലും ഒരു വില്ലനുണ്ട്. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ ഒരുപാട് സ്വാതന്ത്ര്യമുണ്ട്. നീ എന്ത് വിചാരിച്ചാലും എനിക്കെന്താണ് എന്ന് തോന്നില്ലേ? അതാണ് വില്ലൻ റോളുകൾ തരുന്ന സ്വാതന്ത്ര്യം. ഔട്ട് ഓഫ് ദ ബോക്സ് എന്ന് പറയാറില്ലേ? പക്ഷേ അങ്ങനെയൊരു ബോക്സ് ഇല്ലെന്നാണ് എന്റെ പക്ഷം." വിജയ് സേതുപതി പറഞ്ഞു.
സീമരാജ എന്ന ചിത്രത്തിന് ശേഷം പൊൻറാം സംവിധാനം ചെയ്ത ചിത്രമാണ് ഡിഎസ്പി. അനുകീർത്തി വാസ് ആണ് നായിക. പ്രഭാകർ, പുകഴ്, ഇളവരസ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. കാർത്തികേയൻ സന്താനം നിർമിച്ച ചിത്രത്തിന് ഡി ഇമ്മൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.
Content Highlights: actor vijay sethupathy about his love for doing villain roles, dsp tamil movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..