വിജയ് | ഫോട്ടോ: www.facebook.com/ActorVijay
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം സർവേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സർവേ നടത്തുന്നത്. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്നങ്ങൾ, നിർണായക സ്വാധീനമുള്ള വ്യക്തികൾ, കഴിഞ്ഞ അഞ്ചു വർഷമായി തിരഞ്ഞെടുപ്പിൽ വിജയികളായവരുടെ വിവരങ്ങൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
പ്രത്യേക ഫോം നൽകി അവ മുഖേനയാണ് സംഘടനാംഗങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നത്. ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാർട്ടിയാക്കി മാറ്റുന്നതിനുള്ള സാധ്യതകളാണ് തേടുന്നത്. ഇതിനായി വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിൽ സംഘടനയുടെ ജില്ലാ യോഗങ്ങൾ തുടങ്ങി.
സംഘടനയിലേക്ക് കൂടുതൽ ആളുകളെ ചേർത്ത് വിജയ്‌ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നീക്കങ്ങൾ.
വിജയ് മക്കൾ ഇയക്കം നേരത്തേയും സന്നദ്ധ പ്രവർത്തങ്ങൾ നടത്താറുണ്ടായിരുന്നുവെങ്കിലും അംബേദ്കർ ജയന്തി പോലെയുള്ള ആഘോഷങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ, ഇത്തവണ അംബേദ്കർ ജയന്തി വ്യാപകമായി ആചരിച്ചു. റംസാൻ മാസത്തിൽ ഇഫ്താർ വിരുന്നും നടത്തി. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രധാനമായും ലക്ഷ്യമാക്കിയുള്ള നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ ബി.ജെ.പി. തീവ്രശ്രമം നടത്തുമ്പോഴാണ് വിജയ്‌യും രാഷ്ട്രീയ സാധ്യത തേടുന്നത്.
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ സിനിമയിലൂടെ വിമർശിച്ചതിനെത്തുടർന്ന് ബി.ജെ.പി.യിൽനിന്ന് രൂക്ഷമായ എതിർപ്പ് വിജയ് നേരിട്ടിരുന്നു. അതിനാൽ കമൽഹാസനെപ്പോലെത്തന്നെ ബി.ജെ.പി.യെ എതിർത്തു കൊണ്ടുതന്നെയാകും വിജയ്‌യുടെയും രംഗപ്രവേശമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, സർവേയുടെയും തുടർന്നുള്ള രാഷ്ട്രീയസാഹചര്യത്തെയും ആശ്രയിച്ചാകും രാഷ്ട്രീയ പ്രവേശത്തിൽ വിജയ് അന്തിമ തീരുമാനമെടുക്കുക
Content Highlights: actor vijay's political entry, survey by fans association, 2026 tamil nadu assembly election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..