തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച് സംവിധായകനും നടന്‍ വിജയിന്റെ പിതാവുമായ എസ്.എ ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ചന്ദ്രശേഖരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

വിജയിന്റെ കടുത്ത ആരാധകനായിരുന്ന തിരുവനന്തപുരം സ്വദേശി ലൗവ് ടുഡേസ് ശ്രീനാഥിനെ അനുസ്മരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍. വിജയ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം ഘടകം അദ്ധ്യക്ഷനായിരുന്നു ശ്രീനാഥ്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ വാഹനാപകടത്തിലാണ് ശ്രീനാഥ് മരിക്കുന്നത്. പോക്കിരി സൈമണ്‍ സിനിമയില്‍ അപ്പാനി ശരത് ചെയ്ത ലൗവ് ടുഡേസ് ഗണേഷ് എന്ന കഥാപാത്രത്തിന് പ്രചോദമായത് ശ്രീനാഥായിരുന്നു.

'ഇവിടുത്തെ രാഷ്ട്രീയത്തെക്കുറിച്ച് ഞാന്‍ കേള്‍ക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‌ എന്റെ ആശംസകള്‍. മെര്‍സല്‍ പുറത്തിറങ്ങിയതിന് ശേഷം ഞാനൊരു കാര്യം കേള്‍ക്കുകയുണ്ടായി. സത്യമാണോ എന്ന് അറിയില്ല. റോഡ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ നേരം ചികിത്സ സൗജന്യമാക്കാന്‍ പദ്ധതി ഒരുക്കിയെന്ന്. അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.'

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പണമില്ലാത്തവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മെര്‍സല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതില്‍ ഡോക്ടര്‍മാരെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിരുന്നു. 

വിജയ് ചിത്രം മെര്‍സലുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും ചന്ദ്രശേഖര്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 

'ജി.എസ്.ടി പലരെയും ബാധിച്ചിട്ടുണ്ടെന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ട്. നിങ്ങള്‍ക്ക് തോന്നുന്നില്ല? മെര്‍സല്‍ ഇത്രയും വലിയ ചര്‍ച്ചയായത് ജി.എസ്.ടി വിവാദം കാരണമാണെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. നന്നായി എടുത്ത ഒരു സിനിമയാണിത്. നല്ല വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഒരു സിനിമ എന്നാല്‍ നല്ല സന്ദേശം പ്രേക്ഷകര്‍ക്ക് നല്‍കണം.' 

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചന്ദ്രശേഖര്‍ കൃത്യമായ അഭിപ്രായം പറയാന്‍ കൂട്ടാക്കിയില്ല.

'കമല്‍ഹാസനെക്കുറിച്ച് ഞാന്‍ പറയാന്‍ ആളല്ല. അദ്ദേഹം ഒരു വലിയ നടന്‍. ഞാന്‍ ഒരു നടന്റെ അച്ഛന്‍. സിനിമ എന്നാല്‍ എന്റെ കുടുംബമാണ്. എന്റെ കുടുംബത്തിലെ ഒരാളെക്കുറിച്ച് ഞാന്‍ സംസാരിക്കാന്‍ തയ്യാറല്ല.'