
-
കോവിഡ് 19 വ്യാപനത്തെ തുടർന്ന് തൃശ്ശൂർ പൂരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിൽ വിമർശനവുമായി എത്തിയ ആൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ.
ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ മഹാമാരിയെ തുരത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും രാജ്യതാൽപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും ജനങ്ങളും രാജ്യത്തിന്റെ നട്ടെല്ലെന്നാണെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിന് താഴെയാണ് ഒരാൾ വിമർശനവുമായി രംഗത്ത് വന്നത്.
''ഇത്രയും കഥയുടെ ആവശ്യം എന്താ, പൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാ പോരെ''- എന്നാണ് അയാൾ കുറിച്ചത്. ഇതിന് ഉണ്ണി മുകുന്ദന്റെ പ്രതികരണം ഇങ്ങനെയായിരുന്നു
‘നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്... അതുകൊണ്ട് രണ്ടു മൂന്ന് വാക്കിൽ ഒതുക്കാൻ പറ്റിയില്ല. ഇത് തൃശൂർ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങൾക്ക് അതിന്റേതായ മര്യാദ കൊടുക്കണം''. ഉണ്ണി മുകുന്ദൻ കുറിച്ചു. ഇതോടെ നടനെ പിന്തുണച്ചും വിമർശിച്ചും ഒട്ടനവധി പേർ രംഗത്ത് വരികയും ചെയ്തു.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം
നമസ്കാരം,
ലോകമെമ്പാടുമുള്ള പൂര പ്രേമികൾക്ക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂർ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങൾ തീരുമാനം എടുത്തു.
എന്റെ അറിവിൽ ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു. ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ കൂടി ആണ്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടത്തിൽ ആണ് നാം.
അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങൾ വരെ ഈ വിപത്തിനു മുൻപിൽ അടിപതറി നിൽകുമ്പോൾ 130 കോടി ജനങ്ങൾ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുൻ കരുതൽ എടുക്കാൻ ഒരു ഭരണകൂടം തീരുമാനിച്ചപ്പോൾ അത് വിജയം കാണുന്നതിന്റെ പിൻ ബലം തന്നെ രാജ്യതാൽപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്. അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും.
ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സർക്കാരിനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഈ വർഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോൾ അത് ഈ നാട്ടിൽ നിന്നും covid 19 എന്ന മഹാമാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വർഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂർവാധികം ഭംഗിയായി അടുത്ത വർഷം നമുക്ക് കൊണ്ടാടാൻ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു.
Content Highlights: actor unni mukundan gives fitting reply to criticism, on thirssur pooram post, Covid19, Corona outbreak
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..