ജീവിതത്തില്‍ എന്താകണമെന്ന കാര്യത്തില്‍ തന്റെ മാതാപിതാക്കളോ വീട്ടുകാരോ നിര്‍ബന്ധങ്ങള്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ലെന്ന് നടന്‍ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയിലെ വനിതാ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ടൊവിനോ മനസ് തുറന്നത്.

'ഞങ്ങള്‍ക്കിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് തന്നെ എന്റെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ മകളെ എനിക്കു പറ്റാവുന്നത്തിടത്തോളം സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുക. ലോകം കാണിക്കുക. അത്തരം യാത്രകളൊക്കെ പോകുമ്പോള്‍ അവള്‍ക്ക് ഉപകാരപ്പെടാന്‍ കൂടുതല്‍ ഭാഷകള്‍ പഠിപ്പിക്കുക. ഒരു സ്ഥലത്തെക്കുറിച്ച് മാത്രം അറിഞ്ഞ് അവിടെത്തന്നെ നില്‍ക്കുമ്പോഴാണ് നമ്മളെല്ലാം ഒതുങ്ങിക്കൂടുന്നത്. വളരെ കുഞ്ഞാണ് ഇപ്പോള്‍ അവള്‍. ഇപ്പോഴേ പറന്നു നടക്കാന്‍ അവളെ പറഞ്ഞു മനസ്സിലാക്കി വളര്‍ത്തി വരുന്നു. 

അതിനിടയില്‍ മകള്‍ക്ക് സിനിമയാണിഷ്ടമെന്നു അച്ഛനോടു വന്നു പറഞ്ഞാല്‍ എന്തായിരിക്കും മറുപടിയെന്ന ചോദ്യത്തിനും ടൊവി പ്രതികരിച്ചു. ടൊവിനോയുടെ മകള്‍ ഒരു ദിവസം രാവിലെ എണീറ്റു വന്നു പറയുകയാണ്. അച്ഛാ എനിക്ക് സിനിമാനടിയാകണം. അല്ലെങ്കില്‍ സംവിധായികയാവണം. എന്തായിരിക്കും ടൊവിനോയുടെ മറുപടിയെന്നായിരുന്നു ചോദ്യം.

താന്‍ ആഗ്രഹിക്കുന്നത് അതു തന്നെയാണെന്ന് ടൊവിനോ മറുപടി നല്‍കി. 'അവള്‍ സിനിമാനടിയോ സംവിധായികയോ ക്യാമറാവുമണോ എഴുത്തുകാരിയോ ഒക്കെ ആയിത്തീരണമെന്നു തന്നെയാണ്. അത് എന്റെ ആഗ്രഹമെന്നേയുള്ളൂ. മകള്‍ എന്താണ് ആഗ്രഹിക്കുന്നത് എങ്കില്‍ അതിനു തന്നെയായിരിക്കും ഞാന്‍ പ്രാധാന്യം കൊടുക്കുക. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാവാനാണെങ്കില്‍ അതില്‍ ഏറ്റവും മികച്ചതാകട്ടെ.'

Content Highlights : actor tovino thomas about his daughter's future on women's day