പൃഥ്വിരാജിന്റെ പുതിയ ചിത്രമായ നയനില്‍, ടോണി ലൂക്ക് ശാസ്ത്രജ്ഞ വേഷത്തില്‍. മോഡലിങ്ങില്‍ നിന്നും അഭിനയത്തിലേക്ക് ചുവടുവെച്ച ടോണി ലൂക്ക് പ്രേക്ഷകശ്രദ്ധ നേടുന്നത് പ്രണവ് ചിത്രമായ ആദിയിലാണ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആല്‍ബര്‍ട്ടായി എത്തുന്ന ചിത്രത്തില്‍ സന്ദീപ് രാമമൂര്‍ത്തിയെന്ന വേഷത്തിലാണ് താരമെത്തുന്നത്.

100 ഡേയ്സ് ഓഫ് ലവ്ന് ശേഷം ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നൈന്‍. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ശരീരഭാരം കൂട്ടുന്നതുള്‍പ്പടെ മറ്റു രൂപമാറ്റങ്ങളുമായാണ് താരം എത്തുന്നത്.

ഒരു ശാസ്ത്രജ്ഞന്റെ മെയ്‌വഴക്കത്തിനായി തനിക്ക് പരിചയമുള്ള പലരുടെയും രീതികളും സ്വീകരിക്കേണ്ടി വന്നതായി ടോണി പറഞ്ഞു. ഒരു ബുദ്ധിജീവിക്ക് വേണ്ടുന്ന ഊര്‍ജ്ജവും മറ്റ് ഭാവങ്ങളുമെല്ലാം അത്തരത്തില്‍ ഉള്‍ക്കൊള്ളാന്‍ തനിക്ക് സാധിച്ചുവെന്നും താരം കൂട്ടി ചേര്‍ത്തു. 

പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, വാമിക ഗബ്ബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. സയന്‍സ്-ഫിക്ഷന്‍ സൈക്കളോജിക്കല്‍ ത്രില്ലറായ ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

Content Highlights: actor tony luke in prithviraj movie nine 9 after pranav mohanlal's aadi movie