ബെംഗളൂരു: ഗൗതം മേനോന്‍ സംവിധാനം ചെയ്ത അജിത് ചിത്രം 'യെന്നൈ അറിന്താൽ' കന്നടയിലേയ്ക്ക് മൊഴിമാറ്റി എത്തുമ്പോള്‍ ചിത്രത്തിനെതിരെ കർണാടകയിൽ വന്‍ പ്രതിഷേധം. അന്യഭാഷാ ചിത്രങ്ങളുടെ കന്നട മൊഴിമാറ്റം അനുവദിക്കില്ലെന്ന വാദവുമായാണ് കന്നട സിനിമയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

സത്യദേവ് ഐപിഎസ് എന്ന പേരിലാണ് അജിത് ചിത്രം കന്നടയില്‍ മൊഴിമാറ്റിയെത്തുന്നത്. ചിത്രം റിലീസ് ചെയ്താല്‍ തിയേറ്ററുകള്‍ കത്തിക്കുമെന്നാണ്  കന്നട നടന്‍ ജഗ്ഗേഷിന്റെയും മുന്‍ എംഎല്‍എ വാട്ടാൽ നാഗരാജിന്റെയും ഭീഷണി. കര്‍ണാടകയുടെ തനത് സംസ്‌കാരത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് ഇവരുടെ ആരോപണം. 

കഴിഞ്ഞ 20 വര്‍ഷമായി ഡബ്ബ് ചെയ്ത ചിത്രങ്ങള്‍ക്ക് കര്‍ണാടകയില്‍ അനൗദ്യോഗികമായ വിലക്കുണ്ട്. ഈ വിലക്കിനെ മടികടന്നാണ് അജിത് ചിത്രം ബെംഗളൂരുവിൽ പ്രദര്‍ശപ്പിക്കാൻ ഒരുങ്ങുന്നത്.

കന്നട താരങ്ങളായ സാധു കോകില, അകുല്‍ ബാലാജി, ഷാരണ്‍, അനിരുദ്ധ്, പ്രജ്വാല്‍ ദേവര എന്നിവരും ചിത്രത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. മൊഴിമാറ്റ ചിത്രങ്ങള്‍ സംസ്ഥാനത്ത് അനുവദിച്ചാല്‍ അത് കന്നട സിനിമയെ ദോഷകരമായി ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.