തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍-നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ബൈപ്പാസ് സര്‍ജറിക്കുശേഷം വിശ്രമത്തിലായിരുന്നു. പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച്ച ശാന്തികവാടത്തില്‍.

നാടകരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളും അഭിനയിച്ചിട്ടുണ്ട്. 1970 മുതല്‍ 1981 വരെ കെപിഎസിയില്‍ പ്രവര്‍ത്തിച്ചു. യന്ത്രം സുദര്‍ശനം, ഭരതക്ഷേത്രം, മന്വന്തരം, എനിക്കു മരണമില്ല, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, ലയനം, കൈയ്യും തലയും പുറത്തിടരുത് തുടങ്ങിയ കെപിഎസിയുടെ നാടകങ്ങളില്‍ അഭിനയിച്ചു.

1985 ല്‍ കൊല്ലത്തുനിന്ന് 'അജന്ത' എന്ന നാടക പ്രസ്ഥാനത്തിനു രൂപം നല്‍കി. 118 നാടകങ്ങള്‍ സംവിധാനം ചെയ്തു. കേരള സര്‍ക്കാരിന്റെ നാലു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഭാര്യ: സൂസന്‍ ചന്ദ്രന്‍. മക്കള്‍: നിതീഷ് ചന്ദ്രന്‍, നിതിന്‍ ചന്ദ്രന്‍

Content Highlights ; Actor Theatre artist and director karakulam chandran passes away