വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകാന്‍ തന്റെ ജീവിതകഥ തുറന്ന് പറഞ്ഞ് സൂര്യ. വേല്‍ ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സൂര്യ പ്രസംഗത്തില്‍ തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും സിനിമാപ്രവേശത്തെക്കുറിച്ചുമെല്ലാം മനസ്സു തുറന്ന് സംസാരിച്ചു. 

ബികോം തോറ്റ് പിന്നീട് അത് എഴുതിയെടുത്തതിന് ശേഷമാണ് താന്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയതെന്ന് സൂര്യ പറയുന്നു. താന്‍ ആരെയും ഉപദേശിക്കാനല്ല ഇത് തുറന്ന് പറയുന്നതെന്നും സൂര്യ വ്യക്തമാക്കി.

സൂര്യയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍

ബികോം പഠിച്ചു. സപ്ലി എഴുതിയാണ് പാസ് ആയത്. അങ്ങനെയുള്ളൊരാള്‍ നിങ്ങളെ ഉപദേശിക്കുകയാണ് എന്ന് കരുതരുത്. ഇത് ഉപദേശമല്ല, ജീവിതത്തില്‍ ഞാന്‍ പഠിച്ച ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവക്കാം.

1995-ല്‍ ബികോം കഴിഞ്ഞ് കോളേജില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശരവണനായിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നിലുള്ള സൂര്യയായി മാറുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. നടനാകണമെന്ന് ആഗ്രഹിച്ചല്ല സിനിമയില്‍ എത്തിയത്. വളരെ പെട്ടന്നുള്ള ഒരു തീരുമാനത്തിന്റെ പുറത്താണ് അഭിനയം ജീവിതമായി എടുത്തത്. നിങ്ങള്‍ ജീവിതത്തില്‍ വിശ്വസിക്കൂ. എന്തെങ്കിലും സര്‍പ്രൈസുകള്‍ നിങ്ങള്‍ക്ക് ജീവിതം തന്ന് കൊണ്ടിരിക്കും. അത് എന്താണെന്ന് ഒരിക്കലും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുകയില്ല. ഒരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക എന്നതാണ് ഏക വഴി. 

ജീവിതത്തില്‍ മൂന്നുകാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഒന്നാമത്തേത് സത്യസന്ധത. എന്ത് കാര്യത്തിലും സത്യസന്ധത ഉണ്ടായിരിക്കണം, അത് പഠനത്തിലായാലും പ്രണയബന്ധങ്ങളിലായാലും. രണ്ടാമത്തെ കാര്യം ശുഭാപ്തി വിശ്വസാത്തോടെയിരിക്കാനുള്ള കഴിവ്. മൂന്നാമത്തേത് ജീവിത ലക്ഷ്യം.

ആദ്യമായി ഒരു നൂറുരൂപ സമ്പാദിച്ചത് എങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്ക് ഓര്‍മയില്ല. പക്ഷേ ആദ്യകാലത്ത് എന്റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിര്‍മാതാവ് കൊടുത്തത് ഒരുകോടിയുടെ ചെക്കാണ്. എന്റെ കണ്‍മുന്നില്‍വെച്ചാണ് ആ ചെക്ക് നല്‍കിയത്. എനിക്ക് ലഭിച്ചത് 3 ലക്ഷം. അതും മുഴുവനായി ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കല്‍ ആ നിര്‍മാതാവ് അദ്ദേഹത്തിന്റെ കൈയാല്‍ ഒരുകോടി രൂപ പ്രതിഫലം എനിക്കും നല്‍കുമെന്ന് പറഞ്ഞിരുന്നു. അന്ന് അത് വെറുതെ പറഞ്ഞതായിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നിര്‍മാതാവ് എനിക്ക് ഒരുകോടിയുടെ ചെക്ക് നല്‍കി. ഒരു നടന്റെ മകനായതിനാലാണ് എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് കരുതരുത്. എന്തെങ്കിലും നേടണം എങ്കില്‍ ലക്ഷ്യബോധം വേണം. അത് നിങ്ങളുടെ മനസ്സില്‍ വളര്‍ത്തിയെടുക്കണം. അങ്ങനെയെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും.

എന്റെ അനുജന്‍ കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ ലോഞ്ച് പരിപാടിയില്‍ രജനി സാര്‍ പറഞ്ഞൊരു കാര്യം ഞാന്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുന്നു. ജീവിതത്തില്‍ എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ ഒരവസരം ലഭിക്കും. ആ നിമിഷം തിരിച്ചറിഞ്ഞ് നിങ്ങള്‍ തന്നെ അത് ഉപയോഗിക്കുക. അത് കൈവിട്ടു കളഞ്ഞാല്‍ പിന്നീട് ആ അവസരം വീണ്ടും വന്നുകൊള്ളണമെന്നില്ല. ജീവിതത്തിലെ നിര്‍ണായകമായ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ ശ്രമിക്കുക. അത് മനസ്സിരുത്തി ചിന്തിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും-സൂര്യ പറഞ്ഞു.

Content Highlights:actor surya motivational speech about life for youth surya movies journey love