സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തെ പ്രശംസിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം രംഗത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവച്ച അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ സൂര്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം റിയാസിന് നന്ദി പറഞ്ഞത്. ‘കരുത്തുറ്റ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്ഥാവന, അഭിനന്ദനങ്ങൾ..’ റിയാസ് കുറിച്ചു. ‘നന്ദി സാർ, ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം.’ സൂര്യ ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തു.

'സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും  അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ 'ജയ് ഭീം' എന്ന സിനിമ.അധികാരത്തിന്റെ നെറികേടുകളോട്, ജാതീയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു. ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും 'ജയ്ഭീം' നീതി പുലർത്തിയിട്ടുണ്ട്. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് 'ജയ്ഭീം'..മികച്ച സിനിമ,' എന്ന് മന്ത്രി നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം നവംബർ 2 ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. 90കളിൽ മോഷണക്കുറ്റമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കെ.ചന്ദ്രുവും സംഘവും നടത്തിയ നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. രജിഷ വിജയൻ, ലിജോമോൾ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 2ഡി എൻറർടെയിൻമെൻറിൻറെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാർവതി അമ്മാളിന് സഹായവുമായി സൂര്യ രം​ഗത്തെത്തിയിരുന്നു. പാർവതി അമ്മാളിനെ നേരിൽ കണ്ട് സൂര്യ 15 ലക്ഷം രൂപയുടെ ചെക്ക് കെെമാറി. ആദ്യം 10 ലക്ഷം രൂപയുടെ സഹായമാണ് സൂര്യ പ്രഖ്യാപിച്ചിരുന്നത്. 5 ലക്ഷം രൂപ തന്റെ നിർമാണ കമ്പനിയായ 2 ഡി എന്റർടെെൻമെന്റിന് വേണ്ടിയാണ് നൽകുന്നതെന്നും സൂര്യ പറഞ്ഞു. 

content highlights : Actor Suriya thanks Minister PA Muhammed Riyas Jai Bhim movie