ചെന്നെെ: നടൻ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ആൽവാർ പേട്ടിലുള്ള താരത്തിന്റെ ഓഫീസിന് നേരെയാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി ഉണ്ടായത്. താരത്തിന്റെ ഓഫീസിൽ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് ആൽവാർപേട്ട് പോലീസ് കണ്ട്രോൾ റൂമിന് ലഭിക്കുന്നത്. 

വളരെക്കാലം മുമ്പ് തന്നെ ഈ കെട്ടിടത്തിൽ നിന്നും അഡയാറിലേക്ക് തന്റെ ഓഫീസ് താരം മാറ്റിയിരുന്നു. സന്ദേശം ലഭിച്ചയുടൻ ബോംബ് സ്ക്വാഡ് ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്താനായില്ല. അതിനാൽ ഇത്  വ്യാജ സന്ദേശമാണെന്ന് പോലീസ് അറിയിച്ചു. 

നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ സൂര്യയുടെ പരാമർശം വലിയ വിവാദമായിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് എതിരെയാണ് സൂര്യ രം​ഗത്തെത്തിയത്. അതുകൊണ്ട് തന്നെ ഈ ബോംബ് ഭീഷണിക്ക് പിന്നിൽ രാഷ്ട്രീയ വശമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. 

കുറച്ച് മാസങ്ങൾ‌ക്ക് മുമ്പ് സാലി​ഗ്രാമത്തിലുള്ള നടൻ വിജയ്ടെ വസതിക്കും ഇഞ്ചമ്പാക്കത്തുള്ള നടൻ അജിത്തിന്റെ വസതിക്ക് നേരെയും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു, അതുപോലെ ഇക്കഴിഞ്ഞ ജൂണിൽ നടൻ രജനികാന്തിൻ‌റെ വസതിക്ക് നേരെയും ഇത്തരം വ്യാജ സന്ദേശം ലഭിച്ചിരുന്നു

Content Highlights : Actor Suriya's old office gets hoax bomb threat