ചെന്നെെ: നീറ്റ് പരീക്ഷ പരാമർശത്തിലൂടെ കോടതി നടപടികളെ അവഹേളിച്ചെന്ന് ആരോപിച്ച് നടൻ സൂര്യയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വർ പ്രതാപ് സാഹിയ്ക്ക്  ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്റെ കത്ത്. 

തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ എഴുതാനിരുന്ന മൂന്ന് വിദ്യാര്‍ഥികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സൂര്യ പ്രതികരണവുമായി രം​ഗത്ത് വന്നിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അഞ്ച് കുട്ടികളാണ് തമിഴ്നാട്ടില്‍ പരീക്ഷാ പേടികാരണം ആത്മഹത്യ ചെയ്തത്.  കോവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരേയും സൂര്യ രം​ഗത്തെത്തി.  രോ​ഗബാധയുടെ ഭീതിയിൽ വിദ്യാർഥികളെ 'മനുനീതി' പരീക്ഷ എഴുതാൻ നിർബന്ധിക്കുന്നത് അനീതിയാണെന്നും സൂര്യ പറഞ്ഞു.

കോവിഡ് കാലത്ത് വിർച്വലായി മാറിയ കോടതികളാണ് വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമർശം. ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടത്.

സൂര്യയുടെ വാക്കുകൾ കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണ്. ജഡ്ജിമാരുടെ സത്യനിഷ്ഠയേയും രാജ്യത്തിന്റെ മഹത്തായ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെയും ചോ​ദ്യം ചെയ്യുകയാണ്. ഇത്തരം പ്രസ്താവനകൾ ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാകാനും കാരണമാവും- ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം കത്തിൽ പറയുന്നു. നീതിന്യായ വ്യവസ്ഥയുടെ പ്രതാപം ഉയർത്തിപ്പിടിക്കുന്നതിനായി നടൻ സൂര്യയ്ക്ക് എതിരെ കോടതി അലക്ഷ്യത്തിനുള്ള  നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെടുന്നു- എസ് എം സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.

Content Highlights: Actor Suriya's NEET Comment Is Contempt OF court, Says Judge SM Balasubramaniam, controversy