ദേവികയുടേത് ഒരു അപൂര്‍വ വിജയകഥയായിരുന്നു. ജന്മനാ കൈകള്‍ ഇല്ലാതിരുന്ന ദേവിക എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് കാലുകൊണ്ടാണ്. കാലുകൊണ്ടെഴുതി വെറുതെ ജയിക്കുകയല്ല, മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി സകലരെയും ഞെട്ടിക്കുകയും ചെയ്തു മലപ്പുറം വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥിയായ ദേവിക.

ഇപ്പോള്‍ ദേവികയെ തേടി അഭിനന്ദന വര്‍ഷവുമായി വീട്ടിലെത്തിയിരിക്കുകയാണ് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എം.പി. പരീക്ഷയെഴുതിയ ദേവികയുടെ കാല്‍ പിടിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ അഭിന്ദനം. തൃശ്ശൂർ ലോക്​സഭാ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്.

ജന്മനാ കൈകളും ഇല്ലാതിരുന്ന ദേവികയെ കാലുകൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് അച്ഛന്‍ സജീവനും അമ്മ സുജിതയുമാണ്. മറ്റൊരു കുട്ടിയെ വച്ച് പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും വൈകല്യങ്ങളെ പഴിക്കാതെ, പരസഹായത്തിനായി കാത്തുനില്‍ക്കാതെ ദേവിക കാലകൊണ്ട് പരീക്ഷ എഴുതി ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. എഴുതിയ പത്ത് വിഷയങ്ങളിലും എ പ്ലസ് നേടി സകലര്‍ക്കും മാതൃകയും പ്രചോദനവുമായി.

പരീക്ഷ എഴതുക മാത്രമല്ല, മനോഹരമായി ചിത്രം വരയ്ക്കുകയും ചെയ്യും ദേവിക. കാലു കൊണ്ട് വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ സംഘടിപ്പിക്കുക വരെ ചെയ്തിരുന്നു ദേവിക.

പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് പഠിക്കുകയും ബിരുദമെടുത്തശേഷം സിവില്‍ സര്‍വീസ് നേടുകയും ചെയ്യണമെന്നതാണ് ദേവികയുടെ ആഗ്രഹം.

അച്ഛന്‍ സജീവ് തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗതം എന്നൊരു സഹോദരന്‍ കൂടിയുണ്ട്.

Content Highlights: Actor Suresh Gopi Appreciate Devika Who got Ful A Plus In SSLC Exam