പ്രളയകാലത്ത് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായിരുന്ന പോലെ ഈ മഹാമാരിക്കാലത്തും സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാണ് സണ്ണി വെയ്ൻ. കോവിഡ് ആശങ്കയിലും തനിക്ക് സാധിക്കുന്ന വിധത്തിൽ സാധാരണക്കാർക്ക് സഹായങ്ങളും സേവനങ്ങളും എത്തിച്ചുനൽകുന്നുണ്ട്.

കഴിഞ്ഞ ദിവസം സണ്ണി വെയ്ൻ ടിന്റു എന്ന ചെറുപ്പക്കാരൻ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്ന ഒരു വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ടിന്റുവിനെയും കുടുംബത്തെയും സഹായിക്കണമെന്നും അഭ്യർഥിച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം രൂപയാണ് സമാഹരിക്കാനായത് എന്ന് നടൻ പറയുന്നു.

സണ്ണിവെയ്നിന്റെ വാക്കുകൾ

കൊച്ചുകൊച്ചു പ്രതീക്ഷകളാണ്, ഈ കോവിഡ് കാലത്ത് നമ്മളെ അതി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

ഇന്നലെ നമ്മുടെ പ്രിയ സഹോദരൻ ടിന്റുവിന്റെ ചികിത്സയ്ക്കുവേണ്ടി ഞാൻ ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചപ്പോൾ 20 ലക്ഷം രൂപയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും ചേർന്ന് സമാഹരിക്കാനായത്. ഇതൊരു വലിയ കാര്യമാണ്.

നമ്മൾ ഒന്നിച്ചു നിന്നാൽ ഏതു വിഷമഘട്ടത്തിൽ തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് എനിക്ക് നൽകിയത്.

ടിന്റുവിനെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാവരോടും അറിയിച്ചിട്ടുണ്ട്.

നിങ്ങൾ എന്നിൽ അർപ്പിച്ച, അർപ്പിക്കുന്ന ഈ വിശ്വാസത്തിന്, സ്നേഹത്തിന് വാക്കുകൾ കൊണ്ട് നന്ദി പറയാനാവില്ല.

പ്രതിസന്ധികളെ അതിജീവിക്കാൻ, ഇനിയും അങ്ങോട്ട് സഹജീവികളോടുള്ള കരുണയും കരുതലും നമുക്ക് ചേർത്തു പിടിക്കാം.

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്.
ഇനി പ്രാർത്ഥനകൾ ദൈവം കേൾക്കട്ടെ.

ഒരുപാട് ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം സണ്ണി വെയിൻ

 

Content Highlights :actor sunny wayne social service 20 lakhs in one day facebook post covid 19