സുനിൽ സുഖദ, കാറിന്റെ ചില്ല് തകർന്ന നിലയിൽ| ഫോട്ടോ: മാതൃഭൂമി, screen grab
ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. എന്നാല്‍ സംഭവസമയത്ത് താരം കാറിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളായ മൂന്നുപേരാണ് സുനില്‍ സുഖദയുടെ കാറിലുണ്ടായിരുന്നത്.
സംഭവം അറിഞ്ഞ് നാടക ക്യാമ്പില്‍ നിന്ന് എത്തിയ നടിയെയും സംഘം മര്‍ദ്ദിച്ചു. മാള കുഴിക്കാട്ടുശേരിയില്‍ വെച്ച് ഞായറാഴ്ച നാലോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാടക സംവിധായകന് കെ.എസ്. പ്രതാപന്, നടന് സഞ്ചു മാധവ്, വി.ജി. സുജിത്ത് എന്നിവരെയും സംഭവം അറിഞ്ഞെത്തിയ നടി ബിന്ദു തങ്കം കല്യാണി എന്നിവരെയുമാണ് സംഘം മര്‍ദ്ദിച്ചത്.
കുഴിക്കാട്ടുശേരി കമ്യൂണിറ്റി ഹാളില്‍ 'നിലവിളികള്‍ മര്മരങ്ങള് ആക്രോശങ്ങള്‍' എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പ് നടക്കുന്നുണ്ട്. സുനില്‍ സുഖദ ക്യാമ്പില്‍ ഉണ്ടായിരുന്നു.
ഈ മാസം 22-ന് അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളില്‍ നാടകം അരങ്ങേറുന്ന വേദി കാണുന്നതിനായാണ് സുഹൃത്തുക്കള്‍ പോയത്. കാറില്‍ പോകുന്നതിനിടയില്‍ റോഡിന്റെ വശത്ത് ബൈക്ക് നിര്‍ത്തി നിന്നിരുന്ന മൂന്ന് പേര് ചില്ലില്‍ തട്ടി. ബൈക്കില്‍ ഉണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് പിന്തുടര്ന്ന് വന്ന യുവാക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മുന്‍ വശത്തെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു.
കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മൂന്ന് പേരെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ ക്യാമ്പിലുണ്ടായിരുന്ന നടിയും അധ്യാപികയുമായ ബിന്ദു തങ്കം കല്യാണിയെയും സംഘം മര്‍ദ്ദിച്ചുവെന്ന് കാറിലുണ്ടായിരുന്ന സഞ്ചു മാധവ് പറഞ്ഞു.
ആളൂര്‍ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമികളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മര്‍ദ്ദനമേറ്റ നാല് പേരെയും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: actor sunil sukhatha s car attacked by four member gang
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..