സുനിൽ ഷെട്ടി | ഫോട്ടോ: എ.എഫ്.പി
90-കളിൽ ബോളിവുഡിന്റെ ഹൃദയം കവർന്ന താരമായിരുന്നു സുനിൽ ഷെട്ടി. റൊമാന്റിക് റോളുകളും ആക്ഷൻ റോളുകളും ഒരേപോലെ വഴങ്ങുന്ന നടൻ കൂടിയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി സെലക്ടീവായി ചിത്രങ്ങൾ ചെയ്യുന്ന അദ്ദേഹം കരിയറിന്റെ ഒരു ഘട്ടത്തിൽ അഭിമുഖീകരിച്ച ഒരു പ്രശ്നത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
മുംബൈ അധോലോകത്തുനിന്ന് സ്ഥിരമായി ഭീഷണി കോളുകൾ വരുമായിരുന്നുവെന്നാണ് സുനിൽ ഷെട്ടി പറഞ്ഞത്. ബാർബർഷോപ്പ് വിത്ത് ശന്തനു എന്ന പോഡ്കാസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയിൽ അധോലോകത്തിന്റെ പ്രവർത്തനങ്ങൾ വളർച്ച പ്രാപിച്ച അവസ്ഥയിലാണ് താൻ മഹാനഗരത്തിലേക്കെത്തിയതെന്ന് സുനിൽ ഷെട്ടി പറഞ്ഞു. സ്ഥിരമായി ഭീഷണി സന്ദേശങ്ങൾ ലഭിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"എന്നെ അത് ചെയ്യും ഇത് ചെയ്യുമെന്നെല്ലാമായിരുന്നു വന്നിരുന്ന സന്ദേശങ്ങൾ. ഞാൻ തിരിച്ചും നന്നായി പറയും. എനിക്ക് ഭ്രാന്തുണ്ടോ എന്ന് പോലീസുകാർ ചോദിച്ചിട്ടുണ്ട്. അവർ അസ്വസ്ഥരായാൽ എന്തുചെയ്യാനും മടിക്കില്ലെന്ന് പോലീസ് എന്നെ ഉപദേശിക്കും. പക്ഷേ എന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് ഞാൻ പോലീസിനോട് പറഞ്ഞിരുന്നത്." സുനിൽ ഷെട്ടി പറഞ്ഞു.
സിനിമയ്ക്കായി ചെയ്ത കാര്യങ്ങൾ ആതിയയോടും അഹാനോടും പറഞ്ഞിട്ടില്ല. ചില ഭ്രാന്തൻ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പരിക്കേറ്റെങ്കിലും അതിൽ നിന്ന് പുറത്തുകടന്ന് സ്വയം സുഖപ്പെടുത്തി. ഫിറ്റ്നസ് വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ കാലം സുഖപ്പെടുത്താത്ത മുറിവുകളില്ലെന്ന് താൻ പറയുമെന്നും താരം കൂട്ടിച്ചേർത്തു.
ഹണ്ടർ ടൂട്ടെഗാ നഹി തൊഡേഗ, ധാരാവി ബാങ്ക് എന്നീ വെബ് ഷോകളിലാണ് അടുത്തിടെ സുനിലിനെ കണ്ടത്. മലയാളത്തിൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ സുനിൽ ഷെട്ടി അഭിനയിച്ചിരുന്നു.
Content Highlights: actor suniel shetty about threat calls he recieved in 90s, suniel shetty interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..