മ്മൂട്ടിയും സുകുമാരനും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നുവെന്ന് മല്ലിക സുകുമാരന്‍. മാതൃഭൂമി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ്സുതുറന്നത്. എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റ് ചിത്രം പടയോട്ടത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രം ആദ്യം തേടിയെത്തിയത് സുകുമാരനെയാണ്. എന്നാല്‍ സുകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണ് പിന്നീട് ആ വേഷം മമ്മൂട്ടിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് മല്ലിക പറയുന്നു. 

ജിജോ പുന്നൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പടയോട്ടം മലയാളത്തിലെ ആദ്യത്തെ 70എംഎം ചിത്രമാണ്. പ്രേം നസീര്‍, മധു, ലക്ഷ്മി, ശങ്കര്‍, പൂര്‍ണിമ ജയറാം, മമ്മൂട്ടി, മോഹന്‍ലാല്‍. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സുകുമാരി എന്നിങ്ങനെ ഒരു വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. നവോദയ അപ്പച്ചനായിരുന്നു നിര്‍മാണം. 

'സുകുവേട്ടനെക്കുറിച്ച് ഏറ്റവും നന്നായിട്ട് മാധ്യമങ്ങളില്‍ വരെ എഴുതിയിട്ടുള്ള താരമാണ് മമ്മൂട്ടി. സുകുവേട്ടനെ സ്‌ഫോടനത്തിന്റെ സെറ്റില്‍ വച്ച് ആദ്യമായി കണ്ടതും തന്നെ ചില ചിത്രങ്ങളിലേക്ക് ശുപാര്‍ശ ചെയ്‌തെന്നുമൊക്കെ മമ്മൂട്ടി എഴുതിയിട്ടുണ്ട്. ശരിയാണത്. പടയോട്ടം എടുക്കാനായി അപ്പച്ചന്‍ വന്നപ്പോള്‍ അന്ന് സുകുവേട്ടന്‍ പറഞ്ഞത് ഞാനും കേട്ടതാണ്. 'എന്റെ അപ്പച്ചാ, ഞാന്‍ ഈ കുടുമയൊക്കെ കെട്ടിയാല്‍ ബോറായിരിക്കും. എനിക്ക് ഇതൊന്നും ചേരത്തില്ല. നല്ല സുന്ദരനൊരു പയ്യന്‍ വന്നിട്ടുണ്ട്. അവനെ വിളിക്ക്.' അങ്ങനെ മമ്മൂട്ടിയുടെ പേരാണ് പറഞ്ഞ് കൊടുത്തത്. സുകുവേട്ടന്‍ മരിക്കുംവരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു. 'അവന്റെ ഉള്ളിലൊരു സ്‌നേഹമുണ്ട്. പക്ഷേ പ്രകടിപ്പിക്കാന്‍ അറിയില്ല. എന്നൊക്കെ.'

mallika sukumaranഅമ്മ സംഘടനയുടെ തുടക്കകാലത്ത് രാജുവിന് ചില്ലറ പ്രശ്‌നങ്ങളൊക്കെ നേരിടേണ്ടി വന്നപ്പോള്‍ എത്രയും വേഗം പരിഹരിക്കണമെന്നുള്ള കാഴ്ചപ്പാട് മമ്മൂട്ടിക്ക് ഉണ്ടായിരുന്നു. സുകുവേട്ടനോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹവും അടുപ്പവുമൊക്കെയാണ് അതിന് കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്- മല്ലിക പറഞ്ഞു.

ഒക്ടോബര്‍ ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

 

 

Content Highlights: Sukumaran, Mallika Sukumaran, Mammootty, Prithviraj Sukumaran