മലയാളസിനിമയില്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞാല്‍ അടുത്ത എവര്‍ഗ്രീന്‍ യൂത്ത് ഐക്കണ്‍ സുധീഷാണ്. അനിയനായും സുഹൃത്തായും കോളേജ് പയ്യനായുമൊക്കെ മാത്രമേ സുധീഷിനെ മലയാളികള്‍ക്ക് അംഗീകരിക്കാനാകൂ. എന്നാല്‍, അതുക്കും മേലെ പലതും സാധിക്കുമെന്ന് തെളിയിച്ച് മലയാളസിനിമയില്‍ പുതുതരംഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സുധീഷ്. തീവണ്ടി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്റെ ഇമേജ് അടിമുടി ബ്രേക്ക് ചെയ്ത് മലയാളികളെ ഞെട്ടിച്ച ഈ താരത്തെത്തേടി ഇന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് എത്തുന്നത്. 

സ്റ്റീരിയോടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അഭിനേതാവായിരുന്നു താനെെന്നും അതില്‍ നിന്നെല്ലാം മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ തന്നെ സഹായിച്ചുവെന്നും പറയുകയാണ് സുധീഷ്. ഏപ്രിൽ ലക്കം സ്റ്റാർ ഫാമിലി സ്പെഷ്യൽ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് സുധീഷ് മനസ് തുറന്നത്. 

"പുതിയ അഭിനയജീവിതം ഏറെ ആസ്വദിക്കുന്നു. സ്റ്റീരിയോടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അഭിനേതാവായിരുന്നു ഞാന്‍. നായകന്റെ സുഹൃത്തായോ ചങ്ങാതിയായോ ഉള്ള വേഷങ്ങളാണ് കൂടുതലായും എന്നെത്തേടിയെത്തിയത്. നല്ല വേഷങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അത്തരത്തിലുള്ള  കഥാപാത്രങ്ങള്‍ തേടിവന്നില്ല.

star and style
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍, അതില്‍ നിന്നെല്ലാം മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു. ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാത്തരത്തിലുള്ള വേഷങ്ങളും സ്വീകരിക്കാന്‍ തയ്യാറാകണം. ഞാനത് ചെയ്തു അത്രേയുള്ളൂ. ഇന്ന് പ്രായം കൂടിയ വേഷങ്ങളിലും ചെറുപ്പക്കാരന്റെ റോളിലും അഭിനയിക്കാനായി എന്നെ വിളിക്കുന്നു. അത് സന്തോഷം നല്‍കുന്ന കാര്യമാണ്. പുതിയ വേഷവും അതിലൂടെ കിട്ടുന്ന അംഗീകാരങ്ങളും അഭിനയജീവിതത്തില്‍ ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു".

സുധീഷുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

Content Highlights : Actor Sudheesh Interview April Issue Star And Style