മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മമ്മൂട്ടിയെക്കൂടാതെ ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്ച്യുതും ഉള്‍പ്പെടുന്നതായിരുന്നു പോസ്റ്റര്‍. എന്നാല്‍ പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഉണ്ണി മുകുന്ദനെ കണ്ട് താനാണെന്ന് പലരും തെറ്റിദ്ധരിച്ചെന്ന് പറയുകയാണ് നടന്‍ സുധീര്‍.

ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തതോടെ ഫോണ്‍വിളികളുടെയും മെസേജുകളുടെയും ബഹളമായിരുന്നെന്നും സ്വന്തം അച്ഛനെപ്പോലും ഇക്കാര്യത്തില്‍ തിരുത്തേണ്ടതായി വന്നെന്നും സുധീര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

സുധീറിന്റെ വാക്കുകള്‍:

'ഇന്നലെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്. മാമാങ്കത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെയും പത്രമാധ്യമങ്ങളിലൂടെയും റിലീസ് ചെയ്തിരുന്നു. അതില്‍ മമ്മൂക്കയുടെ കൂടെ നില്‍ക്കുന്നത് ഞാനാണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആളുകളാണ് അടിപൊളിയായിട്ടുണ്ട് ചേട്ടാ കണ്‍ഗ്രാറ്റ്‌സ് എന്നെല്ലാം പറഞ്ഞ് എനിക്ക് മെസേജ് അയക്കുന്നത്. ഞാനെല്ലാവരെയും തിരുത്തിക്കൊണ്ടിരിക്കുകയാണ്. അത് ഞാനല്ല, നടന്‍ ഉണ്ണി മുകുന്ദനാണ്. ഫോട്ടോയില്‍ കാണുമ്പോഴുള്ള എന്തോ സാമ്യം കൊണ്ടാണ് അങ്ങനെ തെറ്റിദ്ധാരണ വന്നത്. 

പക്ഷേ രസകരമായ സംഭവം എന്തെന്ന് വച്ചാല്‍ എന്റെ അച്ഛന്‍ പത്രം കണ്ടതിനു ശേഷം വിളിച്ചിട്ട് പറഞ്ഞു മോനേ മമ്മൂക്കയുടെ കൂടെ നിന്റെ പടം കണ്ടു, അച്ഛന് സന്തോഷമായി' എന്നൊക്കെ അത് ഞാനല്ല ഉണ്ണി മുകുന്ദനാണെന്ന് അച്ഛനെ വരെ തിരുത്തേണ്ട അവസ്ഥയിലേയ്ക്കു പോയി കാര്യങ്ങള്‍. അതുകൊണ്ടാണ് ഇങ്ങനെ ലൈവില്‍ വന്നത്.

ഞാനും ഈ വലിയ പ്രൊജക്ടിന്റെ ഭാഗമാണ്. മാമാങ്കത്തില്‍ തെറ്റില്ലാത്തൊരു വേഷത്തില്‍ ഞാന്‍ അഭിനയിക്കുന്നുമുണ്ട്. അതില്‍ മമ്മൂക്കയോടും പപ്പേട്ടനോടും നിര്‍മാതാവ് വേണു സാറിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഈ സിനിമ മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ ഭാഗമായി മാറട്ടെ എന്ന് ആശംസിക്കുന്നു. ഇനിയങ്ങോട്ട് മാമാങ്കത്തിനായുള്ള കാത്തിരിപ്പാണ്'-സുധീര്‍ പറഞ്ഞു.

സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് നേരത്തെ നടന്‍ ഉണ്ണി മുകുന്ദനും സമാനമായ അനുഭവം ഉണ്ടായിരുന്നു. പോസ്റ്ററില്‍ ഉണ്ണി മുകുന്ദനെ കാണുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. പലരും താരത്തിന് നേരിട്ട് മെസേജ് അയക്കുകയും ചെയ്തു. അവസാനം അത് താനാണെന്ന് ചൂണ്ടിക്കാട്ടി ഉണ്ണി തന്നെ വിശദീകരണ പോസ്റ്റുമായി എത്തിയിരുന്നു.

Content Highlights : Actor Sudheer Mamangam First Look Poster Mammootty Unni Mukundan M Padmakumar Mamangam