സൗമിത്ര ചാറ്റർജി| Photo: Mathrubhumi Archives
കൊൽക്കത്ത: കോവിഡ് ബാധയെ തുടർന്നുണ്ടായ സങ്കീർണ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ ആരോഗ്യനില വഷളാകുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെയാണ് ആരോഗ്യനില മോശമായത്. നിലവിൽ അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയുകയും രക്തത്തിലെ യൂറിയയുടെയും സോഡിയത്തിന്റെയും അളവ് വർദ്ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. അരിന്ദം കാർ പറഞ്ഞു.
'ചാറ്റർജിയുടെ ബോധം 72 മണിക്കൂർ മുമ്പുള്ളതിനേക്കാൾ അല്പം കുറവാണ്. അത് ഏത് വഴികളിലേക്കാണ് പോകുന്നതെന്ന് കൃത്യമായി അറിയാൻ സാധിക്കുന്നില്ല. കോവിഡ് എൻസെഫലോപ്പതി (തലച്ചോറിന് നാശം സംഭവിക്കുന്ന അവസ്ഥ, ഇതോടെ ഓർമ തകരാറുണ്ടാകും. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടാകും) വർധിക്കുകയാണെന്ന അനുമാനത്തിലെത്തി.
'അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നിലയും രക്തസമ്മർദ്ദവും നന്നായി പോകുന്നുണ്ടെങ്കിലും ഇപ്പോഴും കടുത്ത ആശങ്കയിലാണ്. പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറഞ്ഞു. അതിനുള്ള കാരണം കണ്ടെത്താനുള്ള നീക്കത്തിലാണ്. ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്'- ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
കോവിഡ് -19 പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് ഒക്ടോബർ 6-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായെങ്കിലും രോഗ ബാധയെതുടർന്നുണ്ടായ പ്രശ്നങ്ങള്‍ ആരോഗ്യനില മോശമാക്കി.
Content Highlights: Actor Soumitra Chatterjee's health condition deteriorates, COVID encephalopathy, Covid 19, health complications
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..