തമിഴ് നടൻ സൂരി | ഫോട്ടോ: twitter.com/RedGiantMovies_
ആരാധകരുമായി ആത്മബന്ധം പുലർത്തുന്നവരാണ് പല പ്രമുഖതാരങ്ങളും. തെന്നിന്ത്യൻ നടന്മാരാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. ആരാധകർക്കായി നേരിട്ടും അല്ലാതെയും താരങ്ങൾ സഹായങ്ങൾ ചെയ്യാറുണ്ട്. അങ്ങനെയൊരു സംഭവം വാർത്തയിൽ ഇടംപിടിക്കുകയാണ്. പ്രശസ്ത തമിഴ് താരം സൂരിയാണ് ഇവിടെ താരമാവുന്നത്.
കോമഡി വേഷങ്ങളിലൂടെ നായകനിരയിലേക്കുയർന്ന നടനാണ് സൂരി. മഹാതീരൻ എന്ന ആരാധകന്റെ അമ്മയുടെ രോഗവിവരം അറിയാനിടയായ താരം അവരെ നേരിൽക്കാണാൻ എത്തുകയായിരുന്നു. മധുരൈ ഭാഗ്യനാഥപുരത്താണ് മഹാതീരനും കുടുംബവും താമസിക്കുന്നത്. ഇവിടേക്ക് ആഡംബരങ്ങളൊന്നുമില്ലാതെ ഓട്ടോറിക്ഷയിലാണ് സൂരി എത്തിയത്. തീരന്റെ അമ്മയുടെ രോഗവിവരവും ചികിത്സയേക്കുറിച്ചും ചോദിച്ചറിഞ്ഞു.
ഒന്നും ഇല്ലെങ്കിലും ആരാധകർ തന്നെ ഒരുപാട് സ്നേഹിക്കുന്നതായി സൂരി പീന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തന്റെ സ്വന്തം അമ്മയേപ്പോലെ കരുതി ആരാധകന്റെ അമ്മയെ കാണാൻ വന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും സൂരി പറഞ്ഞു. തുടർന്ന് ആരാധകനും കുടുംബത്തിനുമൊപ്പം ചിത്രവുമെടുത്തു. വന്ന അതേ ഓട്ടോയിൽത്തന്നെയാണ് സൂരി മടങ്ങിപ്പോയതും. സൂരിയുടെ എളിമയ്ക്ക് കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയിലാണ് സൂരി നായകനായി അരങ്ങേറിയത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ നേടിയിരുന്നു. വിജയ് സേതുപതി, ഭവാനി ശ്രീ, ഗൗതം മേനോൻ തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിൽ. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉടൻ റിലീസാവും. ഈ വർഷം സെപ്റ്റംബറിൽ വിടുതലൈ: 2 തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്യുന്ന കൊട്ടുകാളി എന്ന ചിത്രത്തിൽ സൂരിയാണ് നായകൻ. അന്നാ ബെൻ ആണ് നായികയായെത്തുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം വാടിവാസലിലും സൂരിയുടെ സാന്നിധ്യമുണ്ട്.
Content Highlights: actor soori visted fan's bedridden mother in auto social media praises, viduthalai 2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..