രാജ്യത്ത് കോറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അന്യനാടുകളില്‍ കുടുങ്ങിപ്പോയ കുടിയേറ്റക്കാരെ രക്ഷപ്പെടുത്താന്‍ നടന്‍ സോനു സൂദ് തന്റെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ ഇരുനൂറോളം ഇഡ്ഡലി വില്പനക്കാരെ അവരുടെ ജന്മദേശമായ തമിഴ്‌നാട്ടിലേക്ക് അയച്ചു. പ്രത്യേക ബസ്സുകളിലാണ് അവരെ കയറ്റി അച്ചത്. 

അവസാന കുടിയേറ്റക്കാരനും നാടെത്തിയെന്നുറപ്പു വരുത്തിയിട്ടേ താന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയുള്ളൂവെന്ന് സോനു സൂദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ ലോക്ഡൗണില്‍ എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെ നടന്റെ നേതൃത്വത്തില്‍ അവരുടെ സ്വദേശമായ ഒഡീഷയിലെ ഭുവനേശ്വറിലേക്കെത്തിച്ചിരുന്നു. കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ജോലിയ്ക്കായെത്തിയതാണ് ഒഡീഷയില്‍ നിന്നും ഈ പെണ്‍കുട്ടികള്‍. കോവിഡ് 19 ഭീതിയില്‍ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ പോകാനൊരിടമില്ലാതെ, ജന്മനാട്ടിലേക്ക് തിരിച്ച് പോകാനുമാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാനും നടന്‍ ബസ് ഏര്‍പ്പാടാക്കിയിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള 350 പേരെയാണ് അവരുടെ വീടുകളിലേക്ക് കയറ്റിവിട്ടത്. നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ താരം വിട്ടു കൊടുത്തിരുന്നു. സോനു സൂദിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി തുടങ്ങിയവരും അനേകം സിനിമാതാരങ്ങളും രംഗത്തു വന്നിരുന്നു.

Content Highlights : Actor Sonu Sood sends 200 idli vendors from Mumbai to TN migrants thanked him with aarti