സോനു സൂദിനെ ആരും മറന്നുകാണില്ല. ലോക്ഡൗൺ സമയത്ത് അന്തഃസംസ്ഥാന തൊഴിലാളികൾക്ക് സഹായങ്ങൾ എത്തിച്ചുനൽകിയ താരത്തിന്റെ നല്ലമനസ്സിനെ രാജ്യം ഏറെ പ്രശംസിച്ചു. എന്നാൽ സോനു സൂദിന്റെ സഹായങ്ങൾ അവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയും ഓക്സിജൻ കിട്ടാതെ രോഗികൾ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ അരക് (ARAK) ആശുപത്രിയിലെ കൊവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകുകയും പ്രശ്നം മനസിലാക്കി സോനുവും സംഘവും ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചുകൊടുക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയുമുണ്ടായത് വലിയ വാർത്തയായി.

സോനു സൂദ് ചാരിറ്റി ഫൗണ്ടേഷനിലെ ഒരു അംഗത്തിന് കഴിഞ്ഞദിവസം യെലഹങ്ക ടൗൺ പോലീസ് സ്റ്റേഷനിലെ സത്യനാരായണൻ എന്ന ഇൻസ്പെക്ടറിൽനിന്ന് ഒരു ഫോൺകോൾ വന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത്. അരക് ആശുപത്രിയിലെ 22ഓളം കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ അപകടത്തിലാണെന്നായിരുന്നു വിവരം. തുടർന്ന് താരവും സംഘവും പ്രശ്നത്തിൽ ഇടപെടുകയും രാത്രിയിൽതന്നെ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കാൻ പ്രവർത്തിക്കുകയും ചെയ്തു. ലഭ്യമായ എല്ലാ ബന്ധങ്ങളെയും ഉപയോഗപ്പെടുത്തിയായിരുന്നു സോനുവിന്റെ പ്രവർത്തനം. ഏതാനും മണിക്കൂറുകൾക്കുള്ളിൽ 15 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചുനൽകി രോഗികളുടെ ജീവൻ നിലനിർത്താൻ സംഘത്തിന്കഴിഞ്ഞു.

'ഇത് ശരിക്കും ഒരു ടീംവർക്ക് ആയിരുന്നുവെന്നും വിവരം കിട്ടിയ ഉടനെ മറ്റൊന്നും ചിന്തിക്കാതെ സംഘം പരിഹാരത്തിനായി ഇറങ്ങുകയായിരുന്നുവെന്നും സോനു പറഞ്ഞു. നിരവധി ജീവനുകളെ രക്ഷിക്കാൻ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ടീമിലെ അംഗങ്ങൾക്കും നന്ദിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 17ന് താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പഞ്ചാബ് സർക്കാരിന്റെ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് സോനു സൂദ്. അടുത്തിടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും താരം നടത്തിയിരുന്നു. ഇ. നിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'കിസാൻ' എന്നാണ്.

Content highlights :actor sonu sood charity foundation arranges oxigen cylinders covid patients in bengaluru hospital