ടനും നിര്‍മ്മാതാവുമായ സോനു സൂദ് കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി). സോനു സൂദിന് ബന്ധമുള്ള മുംബൈയിലേയും ലഖ്‌നൗവിലേയും വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് സിബിഡിടി ഇക്കാര്യം വ്യക്തമാക്കിയത്. സോനുവും പങ്കാളികളും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് ശനിയാഴ്ച അറിയിച്ചിരുന്നു. 

സോനു സൂദിന്റേയും പങ്കാളികളുടേയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നികുതി വെട്ടിപ്പ് നടത്തിയതായി വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായും വ്യാജവും കൃത്രിമവുമായ സ്രോതസ്സുകളില്‍ നിന്നുള്ള വായ്പകളിലേക്ക് തന്റെ കണക്കില്‍ പെടാത്ത വരുമാനം വഴിതിരിച്ചു വിടുന്നതിലൂടെയായിരുന്നു സോനു സൂദ് പ്രധാനമായും നികുതി വെട്ടിപ്പ് നടത്തിയിരുന്നതെന്ന് സിബിഡിടി ട്വീറ്റിലൂടെ അറിയിച്ചു. 

സോനു സൂദിന്റെ കമ്പനിയും ലഖ്‌നൗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയും തമ്മില്‍ അടുത്തിടെ നടത്തിയ കരാര്‍ ആദായനികുതി വകുപ്പ് രഹസ്യമായി നിരീക്ഷിച്ചിരുന്നതായി വകുപ്പ് വൃത്തങ്ങള്‍ സൂചന നല്‍കി. കോവിഡ് കാലത്ത് നടത്തി വന്നിരുന്ന വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സോനു സൂദ് രാജ്യവ്യാപകപ്രശംസ നേടിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനു സൂദിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. എന്നാല്‍ വിഷയത്തിന് രാഷ്ട്രീയബന്ധമില്ലെന്ന് ബിജെപി പ്രതികരിച്ചിരുന്നു. 

പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെയും അംഗീകാരവും നേടിയ താരമാണ് സോനു സൂദ്. ഹിന്ദി, തമിഴ്, തെലുഗ് തുടങ്ങി വിവിധ ഭാഷകളില്‍ സോനു സൂദ് അഭിനയിച്ചു വരുന്നു. ശക്തി സാഗര്‍ പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒരു നിര്‍മാണക്കമ്പനിയും സോനു സൂദിനുണ്ട്. കൂടാതെ താരം നടത്തി വരുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ഡിപിയുടെ
എസ്ഡിജി സ്‌പെഷ്യല്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് 2020 ല്‍ സോനു സൂദിന് ലഭിച്ചിരുന്നു. 

 

 

Content Highlights: Actor Sonu Sood, aides evaded tax worth over Rupees 20 cr says I-T dept