മുംബൈ: നികുതിവെട്ടിപ്പോ സാമ്പത്തികക്രമക്കേടോ നടത്തിയിട്ടില്ലെന്ന് നടന്‍ സോനു സൂദ്. നിയമം പാലിക്കുന്ന പൗരനാണ് താനെന്നും ആദായനികുതിവകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയിട്ടുണ്ടെന്നും തിങ്കളാഴ്ച ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സോനു സൂദ് പറഞ്ഞു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍കൊണ്ടു ശ്രദ്ധേയനായ നടന്‍ സോനു സൂദിന്റെ വസതിയിലും സ്ഥാപനങ്ങളിലും മൂന്നുദിവസം തുടര്‍ച്ചയായി ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. സോനു സൂദുമായി ബന്ധപ്പെട്ട് 20 കോടിരൂപയുടെ നികുതിവെട്ടിപ്പു നടത്തിയതായി കണ്ടെത്തിയെന്നാണ് പരിശോധനയ്ക്കുശേഷം അറിയിച്ചത്. നടന്‍ അനധികൃതപണമിടപാടു നടത്തിയെന്നും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്നും ആദായനികുതിവകുപ്പ് ആരോപണമുന്നയിച്ചിരുന്നു.

എന്താണ് സത്യമെന്ന് താന്‍ പറയാതെതന്നെ തെളിയുമെന്ന് സോനു സൂദ് പറഞ്ഞു. തന്റെ ജീവകാരുണ്യസംഘടനയ്ക്കുകിട്ടിയ ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ട്. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി കൊടുത്തു. അവര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. നികുതിവെട്ടിപ്പോ അനധികൃത പണമിടപാടോ നടത്തിയിട്ടില്ല -അദ്ദേഹം പറഞ്ഞു.

രണ്ട് പ്രമുഖ രാഷ്ട്രീയകക്ഷികള്‍ തനിക്ക് രാജ്യസഭാസീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ സമയമായിട്ടില്ലെന്ന് തോന്നിയതുകൊണ്ട് നിരസിക്കുകയായിരുന്നെന്നും സോനു സൂദ് പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തിയതിനുപിന്നാലെയാണ് സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതിവകുപ്പ് പരിശോധന നടത്തിയത്.

സോനു സൂദിനെതിരായ ആദായനികുതിവകുപ്പ് നടപടി ബി.ജെ.പി.യുടെ ബാലിശമായ കളികളുടെ ഭാഗമാണെന്ന് ശിവസേനയും ആം ആദ്മി പാര്‍ട്ടിയും കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Actor sonu sood about IT raid, he denies allegations