സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ തമിഴ് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ നടി ജ്യോതികയ്ക്ക് പകരം സിമ്രാന്‍ നായികയാകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ നടി രംഗത്ത്. വാര്‍ത്തകളില്‍ എത്രത്തോളം സത്യം ഉണ്ടെന്ന് അന്വേഷിച്ചിട്ട് പ്രസിദ്ധീകരിക്കൂവെന്നാണ് നടി ട്വീറ്റില്‍ പറയുന്നത്.

'ഈ വാര്‍ത്ത വ്യാജമാണ്, എന്റെ ആരാധകരെ നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഇങ്ങനെ ഒരു വേഷത്തിന് വേണ്ടിയും എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. വാര്‍ത്തയിലെ സത്യം അന്വേഷിച്ചതിന് ശേഷം മാത്രം പ്രസിദ്ധീകരിക്കൂവെന്ന് അപേക്ഷിക്കുന്നു', സിമ്രാന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇതിന് മുന്‍പ് ജ്യോതികയും ഇതേരീതിയില്‍ സിനിമയിലെ വേഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളിയിരുന്നു. രണ്ടാം ഭാഗത്തില്‍ രാഘവ ലോറന്‍സായിരിക്കും നായകനെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പി. വാസുവാണ് ചന്ദ്രമുഖി-2വും സംവിധാനം ചെയ്യുന്നത്. 

സിനിമയുടെ തിരക്കഥ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും ഇതിന് ശേഷം മാത്രമേ ആരെല്ലാം സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നതിനെ കുറിച്ച് പറയാനാകൂവെന്നാണ് സംവിധായകന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ സിനിമയുടെ കഥ എന്തെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

Content Highlights: Actor Simran denies news on replacing Jyothika in Chandramukhi 2