തമിഴ് നടൻ ചിമ്പുവിന് വെൽസ് ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സിനിമാമേഖലയിലെ വിശിഷ്ഠ സേവനങ്ങൾക്കാണ് ചിമ്പുവിന് ഡോക്ടറേറ്റ് ലഭിച്ചത്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ സർവകലാശാല ചാൻസലർ ഡോ. ഐഷാരി കെ ഗണേഷ്  ചിമ്പുവിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ചിമ്പുവിന്റെ മാതാപിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

ഈ അം​ഗീകാരം തമിഴ് സിനിമയ്ക്കും അച്ഛനും അമ്മയ്ക്കും ആരാധകർക്കും സമ്മാനിക്കുന്നുവെന്നും അവർ കാരണമാണ് താൻ സിനിമയിലെത്തിയതെന്നും ചിമ്പു ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു. 

അച്ഛൻ ടി. രാജേന്ദർ സംവിധാനം ചെയ്ത സിനിമകളിലൂടെ ബാലതാരമായാണ് ചിലമ്പരശൻ എന്ന ചിമ്പു സിനിമയിലെത്തുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ചിമ്പു തമിഴ് സിനിമയുടെ ഭാ​ഗമാണ്. മാനാട് ആണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന വെന്ത് തുണിന്തത് കാട്, ഒബേലി എൻ കൃഷ്ണയുടെ പത്ത് തല, ​ഗോകുൽ സംവിധാനം ചെയ്യുന്ന കൊറോണ കുമാർ എന്നിവയാണ് ചിമ്പുവിന്റെ പുതിയ ചിത്രങ്ങൾ.

Content Highlights : Actor Silambaran bestowed with an honorary doctorate from vels University, Dr Silambarasan