സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന നടന്‍ പൃഥ്വിരാജിന് ആശംസകളുമായി തമിഴ് നടന്‍ സിദ്ധാര്‍ഥ്. പൃഥ്വിയുടെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ലൂസിഫറിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഈ ട്രെയ്‌ലര്‍ പങ്കുവച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
'എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമ ചെയ്യാന്‍ വേണ്ടി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ അതിമനോഹരമായിരിക്കുന്നു. ഇത് കാണാന്‍ കാത്തിരിക്കാന്‍ വയ്യട മോനെ. തക്കതായ എല്ലാ കാരണങ്ങള്‍ കൊണ്ടും മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്'..സിദ്ധാര്‍ത്ഥിന്റെ ട്വീറ്റില്‍ പറയുന്നു .
യൂട്യൂബില്‍ റിലീസ് ചെയ്ത് പന്ത്രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും 21 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് ട്രെയ്‌ലര്‍ നേടിയിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. നായിക പ്രിയദര്‍ശിനി രാംദാസ് ആയി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്.
ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് .
ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തയും സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മാര്‍ച്ച് 28ന് ലൂസിഫര്‍ തിയേറ്ററുകളിലെത്തും.
Content Highlights : Actor Sidharth Praises Lucifer Movie Trailer Mohanlal Prithviraj Lucifer Movie Trailer