ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് ട്വീറ്റ് ചെയ്ത മുന്‍ക്രിക്കറ്റ് താരം 
സച്ചില്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ പരോക്ഷമായി പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സൂചിപ്പിച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

'ഇന്ത്യ മഹത്തായ രാജ്യമാണ്. ഇംഗ്ലണ്ട് നമ്മളോട് കളിക്കാന്‍ ആഗ്രിക്കുന്നു. എന്നുകരുതി നമ്മുടെ പരമാധികാരം അടിയറ വെക്കാനാവില്ല. എങ്ങനെ ബാറ്റ് ചെയ്യണമെന്നും ബോള്‍ ചെയ്യണമെന്നും ഫീല്‍ഡ് ചെയ്യണമെന്നും ഇന്ത്യയ്ക്കറിയാം. അഞ്ച് ദിവസത്തിനകം ഉചിതമായ മത്സരഫലം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 11 കളിക്കാരെയുംവെച്ച് നമുക്ക് കളിക്കാം.' സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. #IndiaUnited #IndiaAgainstEngland എന്നീ ഹാഷ്ടാഗുകളും സിദ്ധാര്‍ഥ് പങ്കുവച്ചു.

പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ എന്നിവര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും പ്രതികരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, എന്നാല്‍ പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സച്ചിന്റെ സമൂഹമാധ്യമ പേജുകളില്‍ ഒട്ടനവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി. ചിലര്‍ സച്ചിനെ അധിക്ഷേപിക്കുകയും ചെയ്തു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്.

Content Highlights: Actor siddharth ridicules Sachin Tendulkar and others regarding Farmers Protest Remark