ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരേ നടന്‍ സിദ്ധാര്‍ഥ് രംഗത്ത്. നവാസുദ്ദീന്‍ സിദ്ദിഖി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിലെ ചില രംഗങ്ങള്‍ തെക്കേ ഇന്ത്യയ്ക്ക് എതിരായ വിവേചനമാണെന്നും വിദ്വേഷജനകമാണെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. തെക്കേ ഇന്ത്യക്കാരോടോ മുംബൈ നഗരത്തെ വളര്‍ത്തുന്ന കുടിയേറ്റക്കാരോടോ ഐക്യപ്പെടാത്ത സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സിദ്ധാര്‍ഥ് കുറ്റപ്പെടുത്തി. 

ചിത്രത്തിന്റെ മാറാത്തി, ഹിന്ദി ട്രെയിലറുകളാണ് പുറത്ത് വന്നിരിക്കുന്നത്. വിദേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ മറാത്തി ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഹിന്ദി ട്രെയിലറില്‍നിന്ന് വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

നവാസുദ്ദീന്‍ സിദ്ദിഖിയെയും സിദ്ധാര്‍ഥ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു മുസ്ലീം നടന്‍ കൃത്യമായ അജണ്ടയുള്ള,  പ്രചാരണാര്‍ത്ഥമുള്ള ചിത്രത്തില്‍ ഭാഗമായത് 'കാവ്യനീതി'യാണെന്നും അദ്ദേഹം പരിഹസിച്ചു. മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി(ഉഠാവോ ലുങ്കി, ബചാവോ പുന്‍ഗി) സിദ്ദിഖി ആവര്‍ത്തിച്ചു. 'ബചാവോ പുന്‍ഗി, ഭാഗോ ലുങ്കി' (മകുടി ഊതു, ലുങ്കിയെടുത്തവരെ ഓടിക്കൂ) എന്നതായിരുന്നു ശിവസേനയുടെ മുദ്രവാക്യം.

തെക്കേ ഇന്ത്യക്കാര്‍ക്കെതിരേയുള്ള വിദ്വേഷ പ്രസംഗമാണിത്. ഇതുകൊണ്ട് പണമുണ്ടാക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? വിദ്വേഷം വില്‍ക്കുന്നത് അവസാനിപ്പിക്കൂ- സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

sidharth

ശിവസേനയ്ക്ക് രൂപം നല്‍കുന്നതും ബാബരി മസ്ജിദ് തകര്‍ന്നതിന് ശേഷമുള്ള കലാപങ്ങളും ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെയും കാണിക്കുന്നുണ്ട്. 

അഭിജിത് പന്‍സെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. സഞ്ജയ റാവത്ത്, ഡോ ശ്രീകാന്ത് ഭാസി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ശിവസേന എം.പിയും പത്രപ്രവര്‍ത്തകനുമാണ് സഞ്ജയ് റാവത്ത്. പ്രമുഖ വ്യവയായിയും സച്ചിന്‍- എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളുമായ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ സ്ഥാപകനുമാണ് ശ്രീകാന്ത് ഭാസി.

Content Highlights: actor Siddharth attacks Thackeray trailer Nawazuddin Siddiqui bal Thackeray biopic