-
മൈലാഞ്ചിമൊഞ്ചിന്റെ വർണക്കാഴ്ചകളും ബിരിയാണിയുടെ മനംമയക്കുന്ന ഗന്ധവുമൊക്കെയാണ് ഓർമകളിലെ ഓരോ പെരുന്നാളും... ‘വലിയ പെരുന്നാൾ’ എന്നാണ് ബക്രീദിനെ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. എന്നാൽ, കോവിഡ്കാലത്ത് പെരുന്നാൾ എല്ലാവർക്കും ‘ചെറിയ’ പെരുന്നാളാണ്... ആഘോഷങ്ങളില്ലാത്ത പെരുന്നാൾ.
ചെറുതായിപ്പോലും ഒരു ആഘോഷമില്ലാത്ത പെരുന്നാളാണ് ഇത്തവണത്തേത്. നാടുമുഴുവൻ കോവിഡ് ഭീതിയിൽ നിൽക്കുമ്പോൾ, പെരുന്നാൾ വരുന്നതുപോലും അധികം ഓർത്തില്ല എന്നതാണ് സത്യം.
ബാപ്പിച്ചിയേയും ഉമ്മച്ചിയേയും കാണാത്ത എന്റെ ആദ്യത്തെ പെരുന്നാളായിരിക്കും ഇത്. കണ്ടെയ്ൻമെന്റ് സോണിന്റെയൊക്കെ പ്രശ്നമുള്ളതുകൊണ്ട് അവരുടെ അടുക്കലേക്ക് പോകാനാകില്ല. ഞാനും ഭാര്യയും മക്കളുംകൂടി വീട്ടിൽ പെരുന്നാൾ കൂടാനാണ് പരിപാടി.
പെരുന്നാളിലെ കുഞ്ഞുടുപ്പ്
ഇത്തവണ പുതിയ വസ്ത്രങ്ങളൊന്നുമെടുത്തില്ല. എന്നാൽ, വീട്ടിൽ പുതുതായെത്തിയ ആൾക്ക് ഒരു പെരുന്നാൾ സമ്മാനം വാങ്ങി... ഒരു കുഞ്ഞുടുപ്പ്. മൂന്നുമാസം മുമ്പാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ‘വചനം’ എന്നർത്ഥമുള്ള ‘ആയത്ത്’ എന്നാണ് മോൾക്ക് പേരിട്ടത്. അവൾക്കു മാത്രം ഉടുപ്പ് വാങ്ങാൻ മൂത്ത മകൾ ദുഅയും സമ്മതിച്ചു. ഭാര്യ ബീമയും പുതിയ വസ്ത്രങ്ങൾ വേണ്ടെന്നു പറഞ്ഞു. പള്ളിക്കരികിലെ വീട്
നെടുവന്നൂരിലെ പള്ളിക്കരികിലെ ഞങ്ങളുടെ തറവാട്ടുവീടാണ് ആദ്യം മനസ്സിൽ വരുന്നത്. പള്ളിയുടെ അരികിലായതുകൊണ്ട് പെരുന്നാൾ നമസ്കാരം കഴിഞ്ഞാൽ മൂത്താപ്പമാരും കൊച്ചാപ്പമാരും പലരും വീട്ടിലെത്തും. അവർക്കൊക്കെ പത്തിരിയും ഇറച്ചിയും ഉമ്മച്ചി കരുതിയിട്ടുണ്ടാകും. ഉച്ചയ്ക്ക് നെയ്ച്ചോറും ഇറച്ചിയുമാണ് സ്പെഷ്യൽ... അതിന്റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.
വീഡിയോ കോളിലെ പെരുന്നാൾ
ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദർശിക്കലാണ് ഓരോ പെരുന്നാളിന്റെയും സന്തോഷം. എന്നാൽ, ഇത്തവണ ബന്ധുക്കളെയൊക്കെ വീഡിയോ കോളിൽ കാണാമെന്ന് വിചാരിക്കുന്നു. അത് ചെറിയൊരു ആശ്വാസവും സന്തോഷവുമാകും.
Content Highlights: actor sharafudeen talks about Bakrid, Perunnal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..