കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമു. വിജയ് ദേവേരക്കൊണ്ടുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നോട് വഴങ്ങിക്കൊടുക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവെന്ന് ശാലു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഈയിടെ ഓരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അവര്‍.

സംവിധായകന്റെ പേര് പറയാന്‍ ശാലു വിസമ്മതിച്ചു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ് അയാള്‍ എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ.

സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാന്‍ എന്നോട് പറഞ്ഞു. മേല്‍വിലാസവും തന്നു. അയാളുടെ ഓഫീസില്‍ വച്ചാണ് അഭിമുഖമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും എനിക്ക് മനസ്സിലായത്. എന്നോട് വൃത്തിക്കെട്ട കാര്യങ്ങള്‍ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അത് കേട്ടപ്പോള്‍ എന്റെ ശരീരം ആകെ വിയര്‍ക്കാന്‍ തുടങ്ങി. അയാള്‍ എ.സി ഓണ്‍ ചെയ്തു. ചതി മനസ്സിലായ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

വിവാദത്തിന് തൊട്ടുപിന്നാലെ ശാലുവിന്റെ ഒരു വീഡിയോ ലീക്ക് ചെയ്തിരുന്നു. ഒരാള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അസഭ്യവര്‍ഷവുമായി ചിലര്‍ രംഗത്ത് വന്നു.

വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ആരാധകരുമായി സാമൂഹിക മാധ്യമത്തിലൂടെ സംവദിക്കുന്നതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശാലു ആരോപണവുമായി രംഗത്ത് വന്നത്. 

പരാതിപ്പെടാന്‍ പോകുന്നില്ലെന്നും ചെയ്ത തെറ്റ് ആ സംവിധായകന്‍ സമ്മതിക്കില്ലെന്നും ശാലു പറഞ്ഞു. സിനിമയില്‍ നിന്ന് ആദ്യമായല്ല തനിക്ക് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി.  

തമിഴ് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് ശാലു. ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ മിസറ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിലാണ് ശാലു അവസാനമായി വേഷമിട്ടത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 

Content Highlights: actor Shalu Shamu about director who asked her to sleep with him for vijay deverakonda movie, casting couch, me too