അന്തരിച്ച നടന്‍ സത്താറിന്റെ മരണാനന്തരച്ചടങ്ങുകളില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി സത്താറിന്റ രണ്ടാം ഭാര്യ നസീം ബീന. ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ശ്രമിച്ചെന്നും സത്താറിന്റെ മൃതദേഹത്തിന്റെ അരികില്‍ നില്‍ക്കാന്‍ പോലും അനുവദിച്ചില്ലെന്നും നസീം ബീന ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജയഭാരതിയുടെയും മകന്‍ കൃഷ് സത്താറിന്റെയും നടുവിലാണ് താന്‍ നിന്നത് എന്നാല്‍ മാധ്യമങ്ങളില്‍ പെടാതിരിക്കാനായി തന്നെ പിന്നിലേക്ക് തള്ളിമാറ്റി. നിര്‍ബന്ധപൂര്‍വ്വം മുറിയില്‍ ഇരുത്തി. നിയമപ്രകാരം താന്‍ സത്താറിന്റെ ഭാര്യയാണ്. സത്താറിനെ വിവാഹം കഴിച്ചത് പണമോ പദവിയോ മോഹിച്ചല്ല. 

സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടില്‍ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോഴാണ് സത്താറിനെ വിവാഹം ചെയ്യുന്നത്. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിയേണ്ടിവന്നയാളാണ് താനെന്ന് സത്താര്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ നാലായിരം രൂപയും ഒരു ജ്യേഷ്ഠന്‍ തന്റെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയായി നല്‍കുന്ന നാലായിരം രൂപയും ചേര്‍ത്ത് എട്ടായിരം രൂപ മാത്രം വരുമാനമുള്ളപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. നസീം ബീന പറയുന്നു

ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയിരുന്നില്ല. ഏഴുവര്‍ഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയില്‍ കൂട്ടിരുന്നത്. ഏറ്റവുമൊടുവില്‍ അതീവ ഗുരുതരമായപ്പോള്‍ മാത്രമാണ് ജയഭാരതിയും മകനും കാണാന്‍ വന്നതെന്നും മകന്‍ പണം തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് കരള്‍ മാറ്റിവെയ്ക്കാന്‍ സത്താര്‍ തയാറാകാതെയിരുന്നതെന്നും  നസീം ബീന ആരോപിക്കുന്നു. 

1979-ല്‍ ആണ് സത്താറും അന്ന് സൂപ്പര്‍ നായികയായിരുന്ന ജയഭാരതിയും വിവാഹിതരാകുന്നത്. 30 വര്‍ഷം മുന്‍പ് 1987-ലാണ് ഇവര്‍ വേര്‍പിരിയുന്നത്. പിന്നീട് 2011ലാണ് നസീം ബീനയെ സത്താര്‍ വിവാഹം കഴിക്കുന്നത്.

Content Highlights : Actor Sathar's Second Wife Naseem Beena Allegations Against Relatives And Jayabharathi