തെന്നിന്ത്യയില്‍ തിരക്കുള്ള നടിമാരില്‍ ഒരാളാണ് വരലക്ഷ്മി. നായികാ കഥാപാത്രങ്ങളെ മാത്രമല്ല പ്രതിനായികാ വേഷങ്ങളും നന്നായി വഴങ്ങുമെന്ന് തെളിയിച്ച നടി. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബയിലും വിശാല്‍ നായകനായ സണ്ടക്കോഴി 2ലും വരലക്ഷ്മിയുടെ പ്രതിനായികാ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ശരത്കുമാറിന്റെ മകളെന്ന മേല്‍വിലാസത്തിലാണ് വരലക്ഷ്മി അഭിനയരംഗത്ത് എത്തിയതെങ്കിലും തന്റേതായ ഒരു ഇടം സിനിമയില്‍ നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വരലക്ഷ്മിയെക്കുറിച്ച് ശരത്കുമാര്‍ മനസ്സു തുറന്നു. ഒരു പിതാവ് എന്ന നിലയില്‍ മകളോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരണം മറ്റൊന്നുമല്ല, വരലക്ഷ്മി ആദ്യമായി വേഷമിട്ട പോടാ പോടി എന്ന ചിത്രം ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പുറത്തിറങ്ങിയത്. റിലീസ് തടസ്സപ്പെട്ടപ്പോള്‍ യാതൊരു തരത്തിലുള്ള സഹായവും വരലക്ഷ്മിയ്ക്ക് താന്‍ ചെയ്തു നല്‍കിയില്ലെന്ന് ശരത്കുമാര്‍ പറഞ്ഞു. 

എന്നാല്‍ മകള്‍ ആരുടെയും പിന്തുണയുമില്ലാതെ സിനിമയില്‍ തന്റേതായ ഇടംനേടി. അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്ക് നയിച്ചത്. അതില്‍ പിതാവ് എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നു- ശരത്കുമാര്‍ പറഞ്ഞു. 

Content HIghlights: actor Sarathkumar apologises to daughter Varalaxmi