-
കോവിഡ് ഭീതിയിൽ എല്ലാവരും ലോക്ഡൗണിൽ കഴിയുമ്പോൾ രസകരമായ ഒരു കുറിപ്പ് പങ്കുവച്ച് നടൻ സലീം കുമാർ. താൻ മരിച്ചെന്ന് വ്യാജവാർത്ത പരത്തുന്ന ആളുകളെയാണ് ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ വിമർശിച്ചിരിക്കുകയാണ് സലീം കുമാർ.
സലീം കുമാറിന്റെ കുറിപ്പ് വായിക്കാം
അണ്ടർവേൾഡ്
'അറിഞ്ഞോ നമ്മുടെ സലിം കുമാർ മരിച്ചുപോയി'. അവിടെ ഇരിക്കുന്ന എല്ലാവർക്കും ഒരേ പേര് ആയതുകൊണ്ട് ഈ വാർത്ത അറിയിച്ച ആളെ നമുക്ക് ഒന്നാമനെന്ന് വിളിക്കാം.ഒന്നാമന്റെ ഈ വാർത്ത കേട്ട് അവിടെ ഇരിക്കുന്ന ചിലർ അത്ഭുതസപ്തരായി. മറ്റുചിലർ സങ്കട പരവശരായി, ബാക്കിയുണ്ടായിരുന്ന ചിലർ വിഷാദ മൂകരായി.
' എങ്ങനെ ആയിരുന്നു അന്ത്യം'
' എങ്ങനെയായിരുന്നു എവിടെ വെച്ചായിരുന്നു എന്നൊന്നും അറിയില്ല പക്ഷേ സംഭവം നൂറുശതമാനം സത്യം ആവാനാണ് സാധ്യത'.
'ഇതിൽ എനിക്കൊരു സംശയം ഉണ്ട് '.
സംശയക്കാരൻ തുടർന്ന്.
'അല്ല ഈ സലിംകുമാർ മരിച്ചുകഴിഞ്ഞാൽ, അയാളുടെ വീട്ടിൽ നിന്നു കുടുംബത്തിൽ ഉള്ളവരുടെ കരച്ചിൽ കേൾക്കില്ലേ നിങ്ങൾ ആരെങ്കിലും അങ്ങനെ വല്ലതും കേട്ടോ'
സംശയക്കാരനു മറുപടിയെന്നോണം ഒന്നാമൻ തുടർന്നു
'എടാ അതിനു അങ്ങേർക്ക് രണ്ട് ആൺമക്കൾ അല്ലേ, അല്ലെങ്കിൽ തന്നെ ആണുങ്ങളുടെ കരച്ചിൽ ആര് കേൾക്കാനാ, ഇതിനാണ് പഴമക്കാർ പറയുന്നത് ചത്താൽ നാലുപേരെ അറിയിക്കാൻ പെണ്മക്കൾ വേണമെന്ന്'.ഒന്നാമന്റെ പഴഞ്ചൊൽ പ്രയോഗം വളരെ അർത്ഥവത്താണെന്നു അവിടെ ഇരിക്കുന്നതിൽ പ്രായം ചെന്ന ചിലർ തലയാട്ടി സമ്മതിച്ചു.
മറ്റുചിലർ പരേതനോടൊത്തുള്ള മധുര സ്മരണക ളിലേക്ക് ഊളിയിട്ടു ഇറങ്ങി. ഊളിയിട്ടു ഇറങ്ങിയവരിൽ ആദ്യം സംസാരിച്ചത് ജരാനരകൾ ബാധിച്ച ഒരു വൃദ്ധനായിരുന്നു.
'സലിംകുമാറിന് നാഷണൽ അവാർഡ് കിട്ടിയപ്പോൾ അത് വാങ്ങാൻ ഡൽഹിക്ക് പോയ സമയത്ത് അദ്ദേഹത്തെ അനുഗമിച്ചത് ഞാനായിരുന്നു. ആ സുവർണ്ണാവസരം എനിക്ക് ലഭിച്ചതിൽ നിങ്ങളിൽ പലർക്കും എന്നോട് അസൂയ ഉണ്ടെന്ന് അറിയാം, എന്നിരുന്നാലും മധുര സ്മരണകൾ തുളുമ്പുന്ന ആ ഓർമ്മകൾ പരേതനോടുള്ള ആദരസൂചകമായി ഞാൻ നിങ്ങളോട് പങ്കുവയ്ക്കുകയാണ്'. ഈ പങ്കുവെച്ച ആളെ നമുക്ക് അബു എന്ന് വിളിക്കാം അബു വിന്റെ സ്മരണകൾ തുടർന്നു കൊണ്ടിരിക്കുമ്പോൾ അതിന് തടസ്സപ്പെടുത്തി കൊണ്ട് മറ്റൊരാൾ തന്റെ അനുശോചന പ്രഭാഷണം തുടങ്ങിക്കഴിഞ്ഞു
'ശ്രീ സലിം കുമാറിന്റെ മരണം മലയാള സിനിമക്കെന്നല്ല കേരള രാഷ്ട്രീയത്തിന് തന്നെ ഒരു തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനു വേണ്ടി അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞ എനിക്ക് നിസ്സംശയം പറയാൻ സാധിക്കും.
'അല്ലയോ നേതാവേ ഈ വക തള്ള് വർത്തമാനങ്ങൾ ഇത്തരം ആളുകൾ മരിക്കുമ്പോൾ ഞങ്ങൾ ഒരുപാട് കേട്ടിട്ടുള്ളതാണ്, എന്റെ അറിവ് ശരിയാണെങ്കിൽ ശ്രീ സലിം കുമാർ നന്ദികെട്ടവനും, ഉപകാര സ്മരണ ഇല്ലാത്തവനും ആയിരുന്നു എന്നാണ് '. ന്യൂജൻ തലമുറയിൽപ്പെട്ട അയാളുടെ ഈ അസമയത്തുള്ള പ്രസ്താവന ഒട്ടും രസിക്കാത്ത നേതാവ് അയാളെ ശകാരിച്ചുകൊണ്ടു പറഞ്ഞു,,
'ഒരാൾ മരിച്ചു കിടക്കുമ്പോൾ ആണോ ടിയാനെ കുറിച്ചുള്ള വ്യക്തിഹത്യ നടത്തുന്നത്. ഇത് അതിനുള്ള സമയം അല്ല എന്ന് ഓർക്കണം'.
'ഏതു സമയം ആയിരുന്നാലും എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞിരിക്കും, നിങ്ങൾക്ക് ഒരു പക്ഷേ അറിയാമായിരിക്കും നമുക്ക് മുന്നേ അയാൾക്ക് വേണ്ടി സേവനമനുഷ്ഠിച്ച നമ്മുടെ പൂർവികരുടെ അവസ്ഥ അവസാനം എന്തായെന്ന്. ആവശ്യം കഴിഞ്ഞപ്പോൾ അയാൾ അവരെ വലിച്ചെറിഞ്ഞില്ലേ. ഒരു കറിവേപ്പിലയുടെ വിലപോലും തന്നോ ?
ന്യൂജെന്റെ ഈ ആരോപണങ്ങൾക്ക് ആർക്കും തന്നെ ഒരു മറുപടിയുണ്ടായില്ല. വല്ലാത്തൊരു മൗനം അവിടെ തളം കെട്ടി നിന്നു. തളം കെട്ടി നിന്ന മൗനത്തെ കോരികളഞ്ഞ് കൊണ്ട് ന്യൂജെനെ ശാന്തനാക്കാൻ അബു പറഞ്ഞു തുടങ്ങി; ' മോനേ നിന്റെ പ്രായക്കുറവും ഈ രംഗത്തുള്ള നിന്റെ പരിചയക്കുറവു കൊണ്ടും അങ്ങനെ തോന്നുന്നതാണ് സലിംകുമാർ എന്നല്ല അവരുടെ വർഗ്ഗം തന്നെ അങ്ങനെയാണ് ഉപയോഗം കഴിഞ്ഞാൽ ഒരു കറിവേപ്പില പോലെ വലിച്ചെറിയും പിന്നെ അവർ നമ്മളെയൊന്ന് കൈ കൊണ്ട് തൊടാൻ പോലും അറക്കും'. കണ്ണുകൾ തുടച്ചു കൊണ്ട് അബു തുടർന്നു...
' അതു നമ്മുടെ വിധിയാണെന്നു കരുതി സമാധാനിക്കാം'.
അതെല്ലാം മറന്നുകൊണ്ട് നമ്മളിപ്പോൾ ചെയ്യേണ്ടത് പരേതന് അന്ത്യാഭിവാദ്യം അർപ്പിക്കുക എന്നുള്ളതാണ്'.
'അന്ത്യാഭിവാദ്യം അർപ്പിക്കുന്നതിനു മുമ്പ് ആദ്യം മരണവാർത്ത ഒന്ന് സ്ഥിരീകരിക്കേണ്ടേ '
കൂട്ടത്തിൽ ഒരാളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഒന്നാമനായിരുന്നു.
' ഇനിയെന്തു സ്ഥിരീകരിക്കാൻ രണ്ടുമാസത്തോളം ആവുന്നു നമ്മൾ സലിംകുമാറിനെ ഒന്ന് കണ്ടിട്ട്. നമ്മൾ ഇല്ലാത്ത ഒരു ദിവസമെങ്കിലും അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ ?
'കുറച്ചു നാളുകൾ കാണാതായാൽ മരിച്ചു എന്നാണോ വിചാരിക്കേണ്ടത് ? വല്ല അസുഖമായിട്ട് ആശുപത്രിയിലോ മറ്റോ കിടക്കുകയാണെങ്കിലോ ? അയാൾക്ക് മറുപടിയെന്നോണം ഒന്നാമൻ തുടർന്നു.
'അതേയ്, അയാൾ ആദ്യമായിട്ടൊന്നുമല്ലല്ലോ ആശുപത്രിയിൽ കിടക്കുന്നത്. ഇതിനുമുമ്പും ഒരുപാട് പ്രാവശ്യം അങ്ങേര് ആശുപത്രിയിൽ കിടന്നിട്ടുണ്ട്. അന്നൊക്കെ നമ്മളിൽ ആരെങ്കിലും മാറി മാറി നിന്ന് അയാളെ പരിപാലിച്ചിട്ടുമുണ്ട്. പിന്നെ ഒരിക്കൽ മാത്രമാണ് അദ്ദേഹത്തിന് ആശുപത്രിയിൽ നമുക്ക് സേവനം നൽകാൻ കഴിയാതെ പോയത്. അതാ സർജറിയുടെ ദിവസമായിരുന്നു അല്ലെങ്കിലും സർജറി റൂമിൽ നമുക്ക് പ്രവേശനം ഇല്ലല്ലോ. അതുകൊണ്ടാ ഞാൻ പറഞ്ഞത് അങ്ങേരു മരിച്ചു ഉറപ്പാ '.
' നിർത്തെടാ അന്തസ്സില്ലാത്തവന്മാരെ... കുറെ നേരം കൊണ്ട് കേൾക്കാൻ തുടങ്ങിയിട്ട്, ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ട് നിനക്ക് ഒക്കെ എന്തു നേടാനാടാ '. അതുവരെ അലമാരയിൽ ഉറങ്ങിക്കിടന്ന തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സാരഥി സഖാവ് കൈലിമുണ്ടിന്റെ ആക്രോശം കേട്ട് അതുവരെ തങ്ങളുടെ ബോസിന്റെ മരണ വാർത്തയിൽ അഭിരമിച്ചിരുന്നു ജെട്ടി കൂട്ടങ്ങൾ ഒന്നു വിറച്ചു.
കൂട്ടത്തിലുണ്ടായിരുന്ന ഒരു ജെട്ടികുഞ്ഞ് വിറയലോടെ സഖാവ് കൈലിയോട് ചോദിച്ചു ' ' 'അപ്പോൾ സലിംകുമാർ മരിച്ചിട്ടില്ലേ ? ' ഇല്ലെന്ന്... ഇന്നലെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. രാത്രി ഉറങ്ങിയപ്പോൾ ഒരുപാട് വൈകി, രാവിലെ എഴുന്നേറ്റ് അങ്ങേരും കുളിച്ചു എന്നെയും കുളിപ്പിച്ചു ഇവിടെ കൊണ്ടുവന്നാക്കി. പിന്നെ ഇന്നലെ രാത്രി ഉറക്കമൊഴിച്ചതിന്റെ ക്ഷീണത്തിൽ ഞാനൊന്ന് മയങ്ങിപ്പോയി.പിന്നേ.. ഓരോ വാർത്തകളും നിങ്ങൾ പടച്ചുണ്ടാക്കും മുമ്പ് അതിന്റെ നിജസ്ഥിതിയെക്കുറിച്ച് ആദ്യം അറിയണം, ലോകം മുഴുവൻ ഇപ്പോൾ കൊറോണ ഭീതിയിലാണ് ലോക്ക് ഡൗൺ കാരണം ആരും പുറത്തിറങ്ങാറില്ല പുറത്തിറങ്ങാത്ത ആളുകൾക്ക് എന്തിനാ പിന്നെ നിങ്ങളെ കൊണ്ടുള്ള ഉപയോഗം ? '
സഖാവ് കൈലിയുടെ വിശദീകരണം കേട്ട് ജെട്ടി കൂട്ടം തങ്ങൾക്കു പറ്റിയ അമളിയിൽ ലജ്ജിച്ചു തലതാഴ്ത്തി. അവരിൽ പ്രായം കൊണ്ട് മൂത്ത അബു ഒരു ക്ഷമാപണം പോലെ സഖാവിനോട് പറഞ്ഞു.
'ക്ഷമിക്കണം വല്ലപ്പോഴുമൊക്കെ മിസ് വേൾഡ്, മിസ്സ് യൂണിവേഴ്സ്, മിസ്റ്റർ വേൾഡ്, മിസ്റ്റർ യൂണിവേഴ്സ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഞങ്ങളിൽ ചില ഭാഗ്യവാന്മാർക്കല്ലാതെ പുറംലോകവുമായി ഞങ്ങൾക്കാർക്കും വലിയ ബന്ധമൊന്നുമില്ലെന്നു അങ്ങേയ്ക്കറിയാമല്ലോ. പകലത്തു പോലും, വെളിച്ചം നിഷേധിക്കപ്പെട്ടവരാണ് ഞങ്ങൾ. എന്നെന്നും അധോലോകത്തിന്റെ രണ്ട് ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടി കഴിയാൻ വിധിക്കപ്പെട്ട ഞങ്ങളെ. വെറും രണ്ടാംകിട പൗരന്മാർ എന്ന രീതിയിലാണ് ആളുകൾ നോക്കികാണുന്നത്. ആ അമർഷത്തിൽ നിന്ന് ഉണ്ടായത് ആകാം ഇത്തരം സംഭവവികാസങ്ങൾ, അതുകൊണ്ട് ഞങ്ങളോട് അങ്ങ് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
"സഖാവ് കൈലി അവരോട് ക്ഷമിച്ചോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അവരോട് ക്ഷമിച്ചിരിക്കുന്നു, കാരണം ഒരാളെ എട്ടുവർഷത്തോളം കാണാതിരുന്നാൽ അയാൾ മരിച്ചു പോയി എന്നാണ് ഇന്ത്യൻ നിയമം പറയുന്നത്, എന്നത് വച്ചുനോക്കുമ്പോൾ പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഇവർ പറഞ്ഞത് അക്ഷന്തവ്യമായ ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല. മാത്രമല്ല, പലപ്പോഴും എന്നെ ഒറ്റക്കാലിൽ നിർത്താൻ തക്ക ശേഷിയുള്ളവരാണ് ഇവരെന്നും മറ്റാരേക്കാളും ഉപരി അറിയാവുന്നവനാണ് ഞാൻ എന്നതിനാലും, ലോക്ക്ഡൌൺ കഴിഞ്ഞാലും, ഇവരുടെ സേവനം എനിക്ക് വേണ്ടിവരുന്നതിനാലും ദ്രുതഗതിയിൽ ഇവർക്കെതിരെ ഒരു തീരുമാനമെടുത്ത് ഇവരുടെ ശത്രുത പിടിച്ചുപറ്റേണ്ട എന്നാണ് എന്റെ ഒരു ഇത്...
Inspired from a troll ...
Content Highlights: Actor Salim kumar sarcastic Facebook post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..