വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നടന് ഷാജു നവോദയ. വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയെ അദ്ദേഹം അപലപിച്ചു.
വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകരായ ഒരു സംഘം ചെറുപ്പക്കാര്‍ തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ഈ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷമാണ് സാജു വികാരാധീനായി സംസാരിച്ചത്. കുഞ്ഞുങ്ങളില്ലാത്ത ആളാണ് താനെന്നും അതില്‍ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്കിനി മക്കള്‍ വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്പില് വിതുമ്പിക്കരഞ്ഞു.
സിനിമാ പ്രവര്‍ത്തനായ നവജിത്ത് നാരായണന്റെ നേതൃത്വത്തില്‍ റാഷില്‍ ഖാന്, നിഖില്‍ ജയന് തുടങ്ങിയവരാണ് തെരുവ് നാടകത്തില്‍ അഭിനയിച്ചത്. എറണാകുളം ബോട്ട്ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനം ജിസിഡിഎ കോംപ്ലക്സിനു മുന്നില്‍ സമാപിച്ചു.
ഇനി എനിക്കു മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇനി അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി. വ്യക്തമായ രാഷ്ട്രീയമുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്കു നീതി ലഭിക്കണം. കലാകാരന് എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമാണിത്.
ഈ പ്രശ്നങ്ങളെല്ലാം നമ്മള് മാധ്യമങ്ങള്‍ വഴി അറിഞ്ഞതാണ്. ഇനിയും അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ടാകും. ഇതിനെയൊക്കെ നേരിടാന്‍ ഒരാള്‍ വരും. ഇതുപോലെ ചെയ്യുന്നവന്മാര്ക്ക് മറുപടിയുമായി അയാള്‍ വരും. ഇവിടെ പിഞ്ചു കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കള്‍ ഉണ്ടാകരുത് എന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. മക്കളുണ്ടായാല്‍ അവര്‍ക്ക് ഈ നാട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുകയില്ല. ഇപ്പോള്‍ ഇല്ലെന്നൊരു സങ്കടമുണ്ട്. കേരളത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുന്നതാണ് നല്ലത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്ടം. കുഞ്ഞുമക്കളുടെ അവസ്ഥ കേട്ടിട്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. അത് ആണ്കുഞ്ഞായാലും പെണ്കുഞ്ഞായാലും- സാജു പറഞ്ഞു.
Content Highlights: Actor Saju Navodaya condemns Valayar rape incident, protest for justice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..