തോപ്പുംപടി: കുട്ടിക്കാലം മുതൽ റിസബാവയുടെ മനസ്സിൽ നാടകവുമുണ്ടായിരുന്നു. നേവൽ ബേയ്‌സിൽ ജീവനക്കാരനായിരുന്ന പിതാവ് ഇസ്മയിൽ ബാവ അക്കാലത്ത് നാടകത്തിൽ അഭിനയിച്ചിരുന്നു. അതുകണ്ടാണ് റിസ വളർന്നത്. തോപ്പുംപടി സെയ്ന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സി.എൽ. ജോസിന്റെ ‘സൂര്യാഘാതം’ എന്ന നാടകത്തിൽ ജൂലി എന്ന കഥാപാത്രത്തെ റിസ അവതരിപ്പിച്ചു. ശക്തമായ ആ കഥാപാത്രത്തെ അതിമനോഹരമായാണ് റിസ അവതരിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ സഹപാഠി കൂടിയായിരുന്ന ചലച്ചിത്ര സംവിധായകൻ റഫീക്‌ സീലാട്ട് ഓർക്കുന്നു. എട്ടിൽ പഠിക്കുമ്പോൾ തന്നെ റിസ സ്‌കൂളിനു പുറത്തെ നാടക അരങ്ങിലെത്തി.

കൊച്ചിൻ ബാബു രചിച്ച ‘വെളിച്ചമാണുണ്ണീ’ എന്ന നാടകത്തിൽ ഡോക്ടറുടെ വേഷമായിരുന്നു.

അതൊരു തുടക്കമായിരുന്നു. ഇത്ര സൗന്ദര്യത്തികവുള്ള നടൻ അക്കാലത്ത് കൊച്ചിയുടെ നാടകവേദിയിൽ കണ്ടിരുന്നില്ല. ആദ്യ നാടകത്തിൽ തന്നെ ശ്രദ്ധേയനായ റിസയ്ക്ക് പിന്നീട് നിരവധി അവസരങ്ങൾ കിട്ടി. കൊച്ചിൻ സനാതനയുടെ ‘രഥോത്സവം’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തെത്തിയത്. പിന്നീട് കൊച്ചി നീലിമ ആർട്‌സിൽ അഭിനയിച്ചു. ഇതിനിടെ മീനാരാജിനൊപ്പം തെരുവു നാടകങ്ങളിലും അഭിനയിച്ചു. രാഷ്ട്രീയക്കാർ സംഘടിപ്പിച്ച തെരുവു നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചത്, രാഷ്ട്രീയത്തോടുള്ള താത്‌പര്യം കൊണ്ടായിരുന്നില്ല, മറിച്ച് നാടകത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നു.

ആലപ്പി ഋഷികേശുമായുള്ള പരിചയം, റിസയെ'ചേർത്തല കലാകേന്ദ്ര' ത്തിലെത്തിച്ചു. അവരുടെ'മുത്തുക്കുട' എന്ന നാടകത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. തുടർന്ന് കൊല്ലം അനശ്വരയുടെ 'കാറ്റ് വിതച്ചവർ' എന്ന നാടകത്തിലും ശ്രദ്ധേയ വേഷം ചെയ്തു. ഇതിനുശേഷമാണ് തിരുവനന്തപുരം സംഘചേതനയിലെത്തുന്നത്. അതാണ് റിസയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സംഘചേതനയുടെ ‘സ്വാതി തിരുനാൾ’ എന്ന നാടകത്തിൽ സ്വാതി തിരുനാളിന്റെ വേഷം ചെയ്തിരുന്ന നടൻ സായ്‌ കുമാർ, സിനിമയിലേക്കു പോയി. അതിനു പകരക്കാരനായാണ് റിസയെ പരിഗണിച്ചത്. വെല്ലുവിളി നിറഞ്ഞ ആ വേഷം റിസയുടെ കൈയിൽ ഭദ്രമായിരുന്നു.

പ്രൊഫഷണൽ നാടകരംഗത്ത് ഏതാണ്ട് ആറ് വർഷം മാത്രമാണ് അദ്ദേഹം പ്രവർത്തിച്ചത്. അതിനിടയിൽ സിനിമയിലെത്തുകയും തിരക്കുള്ള നടനായി മാറുകയും ചെയ്തു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ, അദ്ദേഹം സ്വന്തമായി ഒരു നാടക ട്രൂപ്പ് തുടങ്ങി. അരുണാ കമ്മ്യൂണിക്കേഷൻസ് എന്ന ആ ട്രൂപ്പ് അധികകാലം പ്രവർത്തിച്ചില്ല.

content highlights : Actor Rizabawa Theatre life movies