കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 60 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചൊവ്വാഴ്ച്ച രാവിലെ 7 മണിമുതൽ മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലുള്ള ഓഡിറ്റോറിയം 'ഷാദിമഹലിൽ' മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ ഖബറടക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.

നൂറിലേറെ ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ റിസബാവ നാടകവേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം. എന്നാൽ ഇത് പുറത്തിറങ്ങിയില്ല.  1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 90ൽ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാൽ ചിത്രം  ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ് എന്ന വില്ലൻ വേഷത്തിലൂടെയാണ്. 

ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു.

ഡോക്ടർ പശുപതി, ആനവാൽ മോതിരം, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, വധു ഡോക്ടറാണ്, അനിയൻ ബാവ ചേട്ടൻ ബാവ ഊമപെണ്ണിന് ഉരിയാടാ പയ്യൻ, പോക്കിരി രാജ, സിംഹാസനം തടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. മമ്മൂട്ടി ചിത്രം വണ്ണിലാണ് ഒടുവിൽ വേഷമിട്ടത്. 

Content highlights : Actor  Rizabhava Passed Away