തിരുവനന്തപുരം: ‘‘മൂന്നുദിവസം മുൻപ് കൊച്ചിയിൽനിന്നു ഷൂട്ടിങ് കഴിഞ്ഞ് ഒരുമിച്ച് ഒരു കാറിലായിരുന്നു മടക്കയാത്ര. വർത്തമാനങ്ങൾ പറഞ്ഞ് രസകരമായിട്ടായിരുന്നു ഞങ്ങളുടെ ആ യാത്ര. ശനിയാഴ്ച രാവിലെ മരണവിവരം അറിഞ്ഞപ്പോൾ നടുങ്ങിപ്പോയി’’- സഹപ്രവർത്തകനും സുഹൃത്തുമായ രമേശ് വലിയശാലയുടെ വേർപാട് വിശ്വസിക്കാനായിട്ടില്ല നടൻ കൊല്ലം തുളസിക്ക്. മരണവിവരമറിഞ്ഞ് രമേശിന്റെ വീട്ടിലേക്ക് ആദ്യമെത്തിയതും അയൽവാസികൂടിയായ കൊല്ലം തുളസിയാണ്.

കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന ‘വരാൽ’ എന്ന സിനിമയിൽ അഭിനയിക്കാനായി കൊച്ചിയിലേക്കു പോയതും മടങ്ങിയതും ഇവർ ഒരുമിച്ചായിരുന്നു. ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കിയശേഷമായിരുന്നു രമേശിന്റെ മടക്കം. രണ്ടുദിവസം മുൻപ് രമേശ് തുളസിയുടെ വീട്ടിൽ വരികയും ചെയ്തിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ തക്കവണ്ണമുള്ള പ്രശ്‌നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായി തോന്നിയിരുന്നില്ലെന്ന് തുളസി പറഞ്ഞു.

രമേശിനെ അടുത്തറിയാവുന്ന സുഹൃത്തുക്കൾക്കെല്ലാം പറയാനുള്ളതും ഇതാണ്. 22 വർഷത്തോളമായി സീരിയൽ രംഗത്തുള്ള രമേശ് വലിയശാലയുടെ വേർപാട് സഹപ്രവർത്തകർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.

നാടകരംഗത്തിലൂടെ എത്തി മലയാള സീരിയൽരംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരിലൊരാളായി മാറിയ രമേശ് എന്നും സൗഹൃദങ്ങൾക്ക് വിലകൽപ്പിച്ചിരുന്നു. 'ജ്വാലയായ് ' പരമ്പരയിലെ കഥാപാത്രമായ അലക്‌സ് എന്ന പേരിലായിരുന്നു ഇദ്ദേഹം ഏറെക്കാലം അറിയപ്പെട്ടിരുന്നതും.

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷ നടുക്കത്തോടെയാണ് സമൂഹമാധ്യമത്തിലൂടെ നടന്റെ വിയോഗവാർത്ത അറിയിച്ചത്. 'പ്രശ്‌നങ്ങൾ പലതുമുണ്ടാകും. പക്ഷേ, ജീവിതത്തിൽനിന്ന്‌ ഒളിച്ചോടുന്നതെന്തിനാണ്? പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികൾ’ എന്നാണ് ബാദുഷ െഫയ്‌സ്ബുക്കിൽ കുറിച്ചത്. രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ ബാലാജി ശർമ്മ പറഞ്ഞു. രണ്ടുദിവസം മുൻപ് ഒരുമിച്ച് സിനിമയിൽ അഭിനയിച്ചപ്പോഴും പൂർണ സന്തോഷവാനായിരുന്നു അദ്ദേഹം. ഇത്രപെട്ടെന്ന് എന്ത് സംഭവിച്ചു എന്നറിയില്ല- ബാലാജി പറഞ്ഞു. ദൂരദർശനിലെ ആദ്യകാല സീരിയലുകൾ മുതൽ അഭിനയത്തിൽ സജീവമായിരുന്ന രമേശിനെ തേടി സിനിമാ വേഷങ്ങളുമെത്തിയിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന 'എസ്‌കേപ്പ്' എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു.

Content Highlights: Actor Ramesh Valiyassala death, film serial industry in shock