റഹ്മാൻ, പി. പദ്മരാജൻ | ഫോട്ടോ: എൻ.എം. പ്രദീപ്, മാതൃഭൂമി ആർക്കൈവ്സ്
വ്യത്യസ്തങ്ങളായ ഒരുപിടി മനോഹരചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ പി. പദ്മരാജൻ വിടപറഞ്ഞിട്ട് 32 വർഷം പിന്നിടുന്നു. ഈയവസരത്തിൽ അദ്ദേഹത്തേക്കുറിച്ചോർക്കുകയാണ് നടൻ റഹ്മാൻ. മൂന്നാംപക്കം എന്ന ചിത്രത്തിലെ കഥാപാത്രത്തേക്കുറിച്ചും പദ്മരാജന്റെ വിയോഗവാർത്തയറിഞ്ഞ നിമിഷത്തേക്കുറിച്ചുമാണ് റഹ്മാൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.
മൂന്ന് പതിറ്റാണ്ടുകഴിഞ്ഞിട്ടും പപ്പേട്ടനുമായുള്ള അവസാന കൂടിക്കാഴ്ച ഇപ്പോഴും തന്റെ മനസിലുണ്ടെന്നുപറഞ്ഞാണ് റഹ്മാന്റെ കുറിപ്പ് ആരംഭിക്കുന്നത്. മൂന്നാംപക്കത്തിൽ നായകനായ ജയറാമിന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു. ആ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞതിൽ ചെറിയൊരു സങ്കടമുണ്ടായിരുന്നു. തനിക്ക് മികച്ച വേഷങ്ങൾ തന്ന പദ്മരാജന്റെ മറ്റൊരു മികച്ച കഥാപാത്രത്തെ സ്വപ്നം കണ്ടാണ് ആ സെറ്റിലെത്തിയത്. തമിഴിൽ മികച്ച നായകവേഷങ്ങൾ ഞാൻ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഒരു വിഷമവും പുറത്തുകാണിക്കാതെ, പപ്പേട്ടനുമൊത്തുള്ള ഷൂട്ടിങ് ദിവസങ്ങൾ ആസ്വദിച്ചുതന്നെ പൂർത്തിയാക്കി. തന്റെ വിഷമം മനസിലാക്കുകയും നല്ലൊരു വേഷത്തിന് ഇനിയും സമയമുണ്ടെന്ന് പറഞ്ഞ് പദ്മരാജൻ ആശ്വസിപ്പിച്ചുവെന്നും റഹ്മാൻ കുറിച്ചു.
"ആദ്യമായി പപ്പേട്ടന്റെ മുന്നിലെത്തിയതു മുതൽ, മകനോടുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ പോലും എന്നെ അടുത്തുവിളിച്ചിരുത്തി വരാനിരിക്കുന്ന സീനുകൾ പറഞ്ഞു മനസിലാക്കി തരുമായിരുന്നു. ഹോട്ടലിൽ അദ്ദേഹത്തിന്റെ മുറിക്ക് അടുത്താണ് എന്റെ മുറിയെന്ന് ഉറപ്പാക്കും. അതുപോലുള്ള കെയറിങ്. പപ്പേട്ടൻ മരിക്കുമ്പോൾ മദ്രാസിൽ ഏതോ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാൻ. ആ വാർത്ത കേട്ട് ഞാൻ തരിച്ചുനിന്നു പോയി. എന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഓർക്കാൻ പോലും പറ്റുന്നില്ല." റഹ്മാൻ പറയുന്നു.
പപ്പേട്ടനെ അവസാനമായി കാണാൻ നാട്ടിലേക്ക് വരുമ്പോൾ മമ്മൂക്കയ്ക്ക് ഒപ്പം ട്രെയിനിലാണ് വന്നത്. ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു. അധികം സമയം അദ്ദേഹത്തെ നോക്കിനിൽക്കാൻ എനിക്ക് സാധിച്ചില്ല. എനിക്കു തന്ന വാക്ക് പാലിക്കാൻ നിൽക്കാതെ, രവി പുത്തൂരാനെ പോലെ ഒരു നല്ല കഥാപാത്രത്തെക്കൂടി എനിക്കു തരാതെ, അദ്ദേഹം യാത്രയായി. പ്രിയ ഗുരുനാഥന്റെ ഓർമകൾക്കു മുന്നിൽ, ഒരായിരം പൂക്കൾ എന്നുപറഞ്ഞുകൊണ്ടാണ് റഹ്മാൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൂടെവിടെ എന്ന ചിത്രത്തിലൂടെ പദ്മരാജൻ വെള്ളിത്തിരയിൽ അവതരിപ്പിച്ച നടനാണ് റഹ്മാൻ. പിന്നീട് പറന്നു പറന്ന് പറന്ന്, കാണാമറയത്ത്, കരിയിലക്കാറ്റുപോലെ തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. മലയാളത്തിനുപുറമേ നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലും റഹ്മാൻ വേഷമിട്ടു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് റഹ്മാന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Content Highlights: actor rahman remembering late director padmarajan, rahman about moonnam pakkam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..