സിനിമയില്‍ വേഷങ്ങളില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടന്‍ രാഘവന്‍. രാഘവനടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നും ഒരു നിര്‍മാതാവ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഈ പ്രചരണം വാസ്തവവിരുദ്ധമാണെന്നും താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നും രാഘവന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

വ്യാജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ട്. ഒരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണ് ഞാന്‍. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു. എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല.

നിലവില്‍ തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിച്ചു വരുന്നു. ഞാന്‍ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. എനിക്ക് നിലവില്‍ യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളുമില്ല. എനിക്ക് പറ്റാവുന്നേടത്തോളം കാലം അഭിനയിക്കും- രാഘവന്‍ പറഞ്ഞു.

Content Highlights: Actor Raghavan on his financial status, he is not struggling, acting in Telugu in Prabhas Movie