കരിമണല്‍ ഖനനം തുടരുന്ന കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജും. പൃഥ്വി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കു വെക്കുന്ന കുറിപ്പിലാണ് വിഷയത്തിലെ സ്വന്തം നിലപാട് വ്യക്തമാക്കുന്നത്.

ഇന്നൊരു സാമൂഹിക വിഷയം തല പൊക്കിയാല്‍ ഹാഷ് ടാഗുകളുമായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ബഹളങ്ങള്‍ അര്‍ഥമില്ലാത്തവയാണെന്നാണ് തോന്നിയിട്ടുള്ളതെന്നും  വെറും ഹാഷ് ടാഗ് ക്യാംപെയ്ന്‍ മാത്രമായിപ്പോകരുതെന്ന പ്രതീക്ഷയിലാണ് തന്റെ ഈ പോസ്‌റ്റെന്നും കുറിപ്പിലൂടെ താരം വ്യക്തമാക്കുന്നു. നമ്മുടെ സഹോദരങ്ങള്‍ക്കു വീടും കിടപ്പാടവും നഷ്ടമാകുന്ന സ്ഥിതിയിലെത്തി നില്‍ക്കുമ്പോഴും ചാനല്‍ച്ചര്‍ച്ചകളില്‍ ഇപ്പോഴും വിശ്വാസവും ആചാരവുമൊക്കെയാണെന്നും പൃഥ്വി വിമര്‍ശിക്കുന്നു. ആലപ്പാട് പ്രദേശനിവാസികള്‍ക്കൊപ്പം ശബ്ദമുയര്‍ത്തി താനും ഉണ്ടെന്നും എത്രയും പെട്ടെന്നു അധികാരികളുടെ ചെവിയില്‍ ഈ പ്രശ്‌നമെത്തട്ടേയെന്നുമാണ് കുറിപ്പിലൂടെ പൃഥ്വി പ്രത്യാശിക്കുന്നത്.

അനു സിത്താര, രജീഷാ വിജയന്‍, പ്രിയ വാര്യര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാസി തുടങ്ങിയവരും കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാടുനിവാസികള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 

കൊല്ലം കരുനാഗപ്പിള്ളിയ്ക്ക് അടുത്തുള്ള തീരദേശമേഖലയായ ആലപ്പാട് പഞ്ചായത്തിലും അടുത്തുള്ള പന്മനയിലുമായി നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ റിലേ നിരാഹാരസമരത്തിലാണ്. വാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുന്ന പ്രദേശത്തെ മണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്. 'മണല്‍ ഖനനം നിര്‍ത്തൂ..ആലപ്പാടിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി സമൂഹമാധ്യമങ്ങളിലെ സൗഹൃദക്കൂട്ടായ്മകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രംഗത്തുണ്ട്.

prithviraj

Content Highlights: Actor Prithviraj Supports Stop mining Save Alappad Campaign in Social Media