പി. ബാലചന്ദ്രൻ, പ്രേംകുമാർ
തിരക്കഥാകൃത്തും സംവിധായകനും നാടകകൃത്തും അഭിനേതാവുമായ പി. ബാലചന്ദ്രൻ ഓർമയായിരിക്കുന്നു. ഈ വേളയിൽ നടനും പ്രിയപ്പെട്ട ശിഷ്യനുമായിരുന്ന പ്രേംകുമാർ പി. ബാലചന്ദ്രൻ എന്ന നാടകകാരനെയും വ്യക്തിയെയും ഓർത്തെടുക്കുന്നു.
ഡ്രാമാസ്കൂൾകാലവും ഞങ്ങളുടെ പ്രിയപ്പെട്ട ബാലേട്ടനും
വിദ്യാർഥിയായിരിക്കുന്ന കാലം. അമച്വർ നാടകങ്ങളെ ഒരു ലഹരിയായി കൊണ്ടുനടന്നിരുന്ന അക്കാലത്താണ് പി. ബാലചന്ദ്രൻ എന്ന പേരും അദ്ദേഹത്തിന്റെ നാടകങ്ങളും എന്റെ മുന്നിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ മകുടി, ചെണ്ട, പാവം ഉസ്മാൻ തുടങ്ങിയ നാടകങ്ങൾ അക്കാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയും ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു. സ്കൂൾ ഓഫ് ഡ്രാമാക്കാരുടെ നാടകങ്ങളാണ് അക്കാലത്ത് ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നതും അംഗീകാരങ്ങൾക്ക് അർഹമായിരുന്നതും. മഹാനായ നാടകചാര്യൻ ജി. ശങ്കരപിള്ളസാറിന്റെ കാലംമായിരുന്നു അത്. അദ്ദേഹത്തിന്റെ നാടകദർശനങ്ങളുടെ ഏറ്റവും വലിയ പ്രയോക്താവായിരുന്നു പി. ബാലചന്ദ്രൻ സാർ.
അത്തരം നാടകങ്ങൾ കണ്ടപ്പോഴാണ് സ്കൂൾ ഓഫ് ഡ്രാമയിൽ പോയി നാടകം പഠിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായത്. അങ്ങനെ ബിരുദപഠനത്തിനുശേഷം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് ഞാൻ എത്തുന്നു. അവിടെ ജി ശങ്കരപിള്ള സാറിന്റെ കീഴിൽ അധ്യാപകനായി പി. ബാലചന്ദ്രനും ഉണ്ടായിരുന്നു. പ്രായഭേദമന്യേ ഞാനടക്കമുള്ള വിദ്യാർഥികൾ അദ്ദേഹത്തെ ബാലേട്ടൻ എന്നായിരുന്നു വിളിച്ചിരുന്നത്. അധ്യാപകനെന്നതിനപ്പുറം ബാലേട്ടൻ ഞങ്ങളോടെല്ലാം ഒരു സുഹൃത്തിനെപ്പോലെയാണ് പെരുമാറിയിരുന്നത്. ഒരു നാട്ടിൻപുറത്തുകാരന്റെ ലാളിത്യം എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു. സ്കൂൾ ഡ്രാമയിൽ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത് അഭിനയവും സംവിധാനവുമൊക്കെയായിരുന്നു. ലോകനാടകവേദിയെപ്പറ്റി ആഴത്തിലു അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സമഗ്രമായ വിജ്ഞാനത്തിന്റെ ഒരു കേന്ദ്രം തന്നെയായിരുന്നു ബാലേട്ടൻ.
എന്നിലെ നടനെ തിരിച്ചറിഞ്ഞത് അദ്ദേഹം
എന്നിൽ ഒരു നടനുണ്ടെന്ന് നന്നായി തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിരുന്ന കാലത്ത് ഞാൻ ഷേക്സ്പീരിയൻ നാടകങ്ങളായ മാക്ബത്ത്, ഒഥല്ലോ, കൊറിയോ ലേനസ് എന്നിവയും ഈഡിപ്പസ് പോലുള്ള ഗ്രീക്ക് നാടകങ്ങളും അഭിനയിച്ചിരുന്നു. അത്തരം സീരിയസ് ആയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയിരുന്ന സമയം. ആ സമയത്താണ് ജി. ശങ്കരപിള്ളസാറിന്റെ കഥാവശേഷൻ എന്ന നാടകം ബാലേട്ടൻ സംവിധാനം ചെയ്യുന്നത്. അതിലെ ഒരു ഹാസ്യകഥാപാത്രത്തിന്റെ വേഷം അദ്ദേഹം എനിക്ക് തന്നു. എനിക്ക് ഹാസ്യവും ചെയ്യാൻ പറ്റും എന്ന ആദ്യം തിരിച്ചറിഞ്ഞത് ബാലേട്ടനാണ്. അസാമാന്യ ഹ്യൂമർ സെൻസുണ്ടായിരുന്നു ബാലേട്ടന്.
വില്യം ഗൊഗോളിന്റെ ഇൻസ്പെക്ടർ ജനറൽ എന്ന റഷ്യൻ നാടകത്തെ മേൽവിലാസം എന്ന പേരിൽ അദ്ദേഹം മലയാളത്തിൽ അവതരിപ്പിച്ചിരുന്നു. ഒരു നാടകം കണ്ട് ഏറ്റവും അധികം ചിരിച്ചത് ഈ നാടകം കണ്ടിട്ടായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ ചേരണമെന്ന ആഗ്രഹത്തിന് വലിയ പ്രേരണയായതും ഇത്തരം നാടകങ്ങളായിരുന്നു. ശാസ്താംകോട്ടക്കാരന്റെ ചില തനത്ശൈലികളും ഗ്രാമീണനിഷ്കളങ്കതയും നൈർമല്യവുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പ്രിയപ്പെട്ടവരെയൊക്കെ സ്നേഹപൂർവം ' എടാ ഊവേ' എന്നാണ് വിളിച്ചിരുന്നത്. അതെല്ലാം ഇന്നും ഓർമയിൽ നിൽക്കുന്ന കാര്യങ്ങളാണ്. ക്ലാസിലെടുക്കുന്ന ഓരോ കാര്യങ്ങളും വളരെ കൃത്യമായി, മനസിലാകുന്ന തരത്തിൽ അദ്ദേഹം പറഞ്ഞുതരുമായിരുന്നു. നാടകത്തെപ്പറ്റി മനസിലുണ്ടായിരുന്ന തെറ്റിദ്ധാരണകളെയെല്ലാം മാറ്റി പുതിയ ഒരു നാടകാവബോധം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ബാലേട്ടന് നാടകം തന്നെ താല്പര്യമേഖല
പിൽക്കാലത്ത് സിനിമയിലെത്തിയെങ്കിലും എല്ലാ അർഥത്തിലും തികഞ്ഞ ഒരു നാടകകാരനായിരുന്നു ബാലേട്ടൻ. സിനിമയിലേക്കെത്തി ഒട്ടേറെ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി, അഭിനയിച്ചു, സംവിധാനം ചെയ്തു. അദ്ദേഹം വളരെ വൈകിയാണ് സിനിമയിലേക്കെത്തിയത്. അല്ലായിരുന്നെങ്കിൽ മലയാളസിനിമയ്ക്ക് നിരവധി മികച്ച സംഭാവനകൾ കൊടുക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. സിനിമയിലേക്ക് എത്താൻ വൈകിയതിന് കാരണം അദ്ദേഹത്തിന് നാടകവുമായുണ്ടായിരുന്ന അഗാധബന്ധം തന്നെയാണ്. നാടകം വിട്ട് മറ്റൊന്നിലേക്കെത്താൻ അദ്ദേഹത്തിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. നാടകമായിരുന്നു അദ്ദേഹത്തിന് എല്ലാം. അത്രയേറെ ജൈവികമായ ബന്ധമായിരുന്നു അദ്ദേഹത്തിന് നാടകത്തോട്. എന്റെ അഭിനയത്തിന്റെ തുടക്കകാലത്ത് ഞാൻ ദൂരദർശനിൽ മറുമരുന്ന് എന്ന പേരിൽ ഒരു ടെലിഫിലിമിൽ അഭിനയിച്ചിരുന്നു. അത് ബാലേട്ടന്റെ രചനയായിരുന്നു.
അവസാന കൂടിക്കാഴ്ചയും നാടകവർത്തമാനങ്ങളും
ബാലേട്ടനെ അവസനമായി കാണുന്നത് മമ്മൂക്ക നായകനായിട്ടുള്ള ഈയടുത്ത് റിലീസ് ആയ 'വൺ' സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു. അന്ന് ഞങ്ങൾ സംസാരിച്ചതിലധികവും നാടകത്തെപ്പറ്റിയായിരുന്നു. സാമുവൽ ബെക്കറ്റിന്റെ 'ഗോദോയെക്കാത്ത്' എന്ന നാടകത്തെപ്പറ്റിയും ജി ശങ്കരപിള്ളസാറിന്റെ കറുത്ത ദൈവത്തെത്തേടി എന്ന നാടകത്തെപ്പറ്റിയും അതൊക്കെ വീണ്ടും വേദികളിൽ അവതരിപ്പിക്കുന്നതിനെപ്പറ്റിയുമൊക്കെ അദ്ദേഹം വളരെയധികം സംസാരിച്ചിരുന്നു. ആയൂർവേദത്തിന്റെ മഹത്വത്തെപ്പറ്റിയും ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചും, രംഗബോധമില്ലാതെ കടന്നുവരുന്ന കോമാളിയായ മരണത്തെപ്പറ്റിയുമൊക്കെ ബാലേട്ടൻ അന്ന് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
മികച്ച ഒരു കലാകാരൻ എന്നതിലുപരി എന്തിനെക്കുറിച്ചും അറിവുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സംസാരിക്കുകയും ഇടപെടുകയുമൊക്കെ ചെയ്തിരുന്ന മനുഷ്യസ്നേഹിയായിരുന്നു ബാലേട്ടൻ. നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, അഭിനേതാവ്, പ്രഭാഷകൻ, അധ്യാപകൻ എന്നിങ്ങനെ ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു അദ്ദേഹം. ബാലേട്ടന്റെ ജീവിതാനുഭവങ്ങൾ, കഥകൾ എല്ലാം പലപ്പോഴും ഞങ്ങൾക്ക് പറഞ്ഞുതന്നിരുന്നു. അദ്ദേഹവുമൊത്തുള്ള ആ അനർഘനിമിഷങ്ങൾ മനസിൽ നിറഞ്ഞുനിൽക്കുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ ഗുരുനാഥനായിരുന്നു ബാലേട്ടൻ. അകാലത്തിലുള്ള അദ്ദേഹത്തിന്റെ ഈ വേർപാട് മനസിൽ വല്ലാത്ത ഒരു ശൂന്യത നിറയ്ക്കുന്നു.
Content highlights :actor premkumar remembering p balachandran scriptwriter and director actor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..