രവി കിഷൻ | ഫോട്ടോ: പി.ടി.ഐ
സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായിട്ടുണ്ടെന്ന് നടനും ലോക്സഭാ എം.പിയുമായ രവി കിഷൻ. ടെലിവിഷൻ ഷോ ആയ ആപ്കി അദാലത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. തന്നെ അർധരാത്രി ഒരു സ്ത്രീ കോഫി കുടിക്കാൻ ക്ഷണിച്ചെന്നാണ് അദ്ദേഹം പരിപാടിയിൽ പറഞ്ഞത്.
ഭോജ്പുരി, ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ് രവി കിഷൻ. കാസ്റ്റിങ് കൗച്ചിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നെന്നാണ് താരം ടെലിവിഷൻ ഷോയിലൂടെ വെളിപ്പെടുത്തിയത്. തനിക്കും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്നാൽ, എങ്ങനെയൊക്കെയോ അതിൽനിന്ന് രക്ഷപ്പെട്ടുവെന്നും രവി കിഷൻ പറഞ്ഞു.
ജോലിയെ ആത്മാർത്ഥമായി സമീപിക്കണമെന്നാണ് തന്നെ പിതാവ് പഠിപ്പിച്ചത്. കുറുക്കുവഴികളിലൂടെ ജോലി തരപ്പെടുത്താൻ ഒരിക്കലും താൽപര്യമുണ്ടായിരുന്നില്ല. സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീയാണ് വിളിച്ചത്. അവരുടെ പേര് പറയാൻ ഇപ്പോൾ നിർവാഹമില്ല. ഇൻഡസ്ട്രിയിലെ വളരെ ശക്തയായ ഒരാളാണ് അവരിപ്പോൾ. ഒരു കപ്പ് കാപ്പി കുടിക്കാൻ രാത്രി വരണം എന്നായിരുന്നു അവർ പറഞ്ഞത്. സാധാരണ ആളുകൾ പകലാണ് കാപ്പി കുടിക്കാൻ വിളിക്കാറ്. അതുകൊണ്ടുതന്നെ അവർ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായി. ആ ആവശ്യം തള്ളിക്കളയുകയും ചെയ്‌തെന്ന് രവി കിഷൻ കൂട്ടിച്ചേർത്തു.
1992-ൽ പീതാംബർ എന്ന ചിത്രത്തിലൂടെയാണ് രവി കിഷൻ സിനിമയിലെത്തുന്നത്. ഭോജ്പുരി സിനിമയുടെ മുഖം എന്നറിയപ്പെടുന്ന നടനാണ് ഇദ്ദേഹം. ഹേരാ ഫേരി, ലക്ക്, ബുള്ളറ്റ് രാജ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും റെയ്സ് ഗുരം, കിക്ക് 2, ബ്രൂസ് ലീ-ദ ഫൈറ്റർ, രാധ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. തമിഴിൽ മോനിഷ എൻ മൊണാലിസ, സങ്കത്തമിഴൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നിലവിൽ ഗൊരഖ്പുരിൽ നിന്നുള്ള എം.പിയാണ് രവി കിഷൻ.
Content Highlights: actor politician ravi kishan about escaping from casting couch, ravi kishan latest news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..