-
കൊല്ലം: നടൻ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. സംവിധാനത്തിലേക്ക്. ആറു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ, സാമൂഹികമേഖലകളിൽ നിറഞ്ഞു നിൽക്കുന്ന അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയുടെ ജീവിതത്തിലേക്കാണ് ഗണേഷ് ക്യാമറ തിരിക്കുന്നത്.
പിള്ളയെക്കുറിച്ചുള്ള രണ്ട് ഡോക്യുമെന്ററികൾ നിർമിക്കാനാണു തീരുമാനം. ഒന്ന് രാഷ്ട്രീയക്കാരനായ ബാലകൃഷ്ണപിള്ള. കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി സംഘടനയായിരുന്ന എസ്.എഫിലൂടെ പൊതുരംഗത്തെത്തി കോൺഗ്രസിലും കേരള കോൺഗ്രസിലും ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയ രാഷ്ട്രീയജീവിതം 45 മിനിറ്റിൽ ചുരുക്കിപ്പറയും. മന്നത്തുപദ്മനാഭന്റെ ശിഷ്യനായി തുടങ്ങി 65 വർഷമായി തുടരുന്ന എൻ.എസ്.എസ്. പ്രവർത്തനമാണ് രണ്ടാമത്തേത്. അരമണിക്കൂർ ദൈർഘ്യമായിരിക്കും ഇതിന്.
‘‘അച്ഛൻ സ്കൂളിൽ പഠിച്ച കാലം, സമരങ്ങൾ, ജയിലിൽ പോയത്, ജയിൽമന്ത്രിയായത്... ഇങ്ങനെ സമഗ്രമായ ജീവിതചിത്രമാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയജീവിതവും സാമുദായിക പ്രവർത്തനവും വെവ്വേറെ അടയാളപ്പെടുത്തും’’- ഗണേഷ് കുമാർ പറഞ്ഞു. ലോക്‌ഡൗൺ കഴിഞ്ഞാലുടനെ ചിത്രീകരണം തുടങ്ങും.
ചെറുപ്പത്തിൽ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ആർ. ബാലകൃഷ്ണപിള്ള. 1980-ൽ റിലീസായ ‘വെടിക്കെട്ടി’ൽ കരപ്രമാണിയുടെ വേഷമായിരുന്നു. ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിനെച്ചൊല്ലി രണ്ട് കരക്കാർ തമ്മിലുള്ള മത്സരമായിരുന്നു പ്രമേയം. കെ.എ. ശിവദാസ് സംവിധാനം ചെയ്ത സിനിമയിൽ സുകുമാരനായിരുന്നു നായകൻ. ‘ഇവളൊരു നാടോടി’ എന്ന സിനിമയിലും ബാലകൃഷ്ണപിള്ള അഭിനയിച്ചിരുന്നു. കെ.പി. ഉമ്മറിനൊപ്പമുള്ള ആ സീൻ പിള്ളയുടെ വീട്ടിലാണു ഷൂട്ട് ചെയ്തത്.
Content Highlights: actor politician ganesh Kumar to direct a documentary, father Balakrishna Pilla is the hero
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..