വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടമുണ്ടാക്കിയ നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കാന്‍ ഒരുങ്ങുകയാണ് നടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈയടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ പുതിയ സംരഭത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

'സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ സമയം വളരെ വ്യത്യസ്തമായ അനുഭവമാണ്. വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ എന്റെ സംവിധാന സംരഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്', പാര്‍വതി പറയുന്നു.

സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രോജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പാര്‍വതി പുറത്തുവിട്ടിട്ടില്ല. 

ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ അതോ തത്കാലത്തേക്ക് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമോ എന്നതില്‍ പാര്‍വതി പ്രതികരിച്ചിട്ടില്ല. ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടും വ്യത്യസ്തമായ രീതിയിലുള്ള ത്രില്ലറുകളായിരിക്കുമെന്നും വിവരങ്ങളുണ്ട്. 

Content Highlights: Actor Parvathy Thiruvoth to direct film after lockdown says reports