നാഗചൈതന്യ | ഫോട്ടോ: www.facebook.com/ChaituFans/photos
തെലുങ്കിൽ ഏറെ ജനപ്രീതിയുള്ള യുവതാരങ്ങളിലൊരാളാണ് നാഗചൈതന്യ. തന്റെ പുതിയ ചിത്രമായ താങ്ക്യൂവിന്റെ പ്രചാരണത്തിരക്കുകളിലാണ് താരം ഇപ്പോൾ. നടി സാമന്തയുമായുള്ള വേർപിരിയലിനേക്കുറിച്ചും അതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നാഗചൈതന്യ.
വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം വ്യക്തിയെന്ന നിലയിൽ താൻ ഏറെ മാറിയെന്ന് നാഗചൈതന്യ പറഞ്ഞു. ബോളിവുഡ് ലൈഫ് ഡോട്ട് കോം എന്ന മാധ്യമത്തോടായിരുന്നു നാഗചൈതന്യയുടെ ഈ പ്രതികരണം. നേരത്തേ അധികം തുറന്നു സംസാരിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ അതിന് സാധിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും ഏറെ അടുപ്പം പുലർത്താൻ സാധിക്കുന്നുണ്ട്. പുതിയൊരു മനുഷ്യനായപോലെ സ്വയം തോന്നുന്നുണ്ടെന്നും നാഗചൈതന്യ പറഞ്ഞു.
തങ്ങൾ ഇരുവരും വേർപിരിഞ്ഞതിനേക്കുറിച്ച് കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ സാമന്ത തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ നാഗചൈതന്യയുടെ പ്രതികരണവും വന്നിരിക്കുന്നത്. ആ സംഭവം വളരെ കഠിനമായിരുന്നെന്നും ഇപ്പോൾ എല്ലാം ശരിയായെന്നുമാണ് സാമന്ത പറഞ്ഞത്. മുമ്പ് എന്നത്തേക്കാളും ശക്തയായി തോന്നുന്നുന്നുവെന്നും അവർ പറഞ്ഞിരുന്നു.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നാഗചൈതന്യയുടേയും സാമന്തയുടേയും. 2021 ഒക്ടോബറിലാണ് ഇരുവരും വിവാഹമോചിതരായത്. വിവാഹശേഷം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നാഗചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്ന് സാമന്ത പേരിനൊപ്പം ചേർത്തിരുന്നു. ഇടക്കാലത്ത് ഈ പേര് സാമന്ത സ്വന്തം അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതോടെയാണ് വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായത്. ഒടുവിൽ എല്ലാത്തിനും അവസാനമിട്ട് സംയുക്തമായാണ് രണ്ടുപേരും തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..