മുകേഷ്, കെ.പി.എ.സി ലളിത | ഫോട്ടോ: അജിത് പനച്ചിക്കൽ, മധുരാജ് | മാതൃഭൂമി
ആദ്യമായി ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ സംഭവിച്ച രസകരമായ അനുഭവം പറഞ്ഞ് നടനും എം.എൽ.എയുമായ മുകേഷ്. അന്ന് ഒപ്പമുണ്ടായിരുന്ന നടി കെ.പി.എ.സി ലളിതയോട് പറഞ്ഞ ഒരു തമാശ കാര്യമായ രീതിയിലേക്ക് കടന്നതും പോലീസിന്റെ പിടിയിലാവാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതുമായ അനുഭവമാണ് മുകേഷ് പങ്കുവെച്ചത്. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെയാണ് ആദ്യ ദുബായ് യാത്രയേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
"1988-ൽ ഞങ്ങൾ ആദ്യമായി ദുബായിൽ പോവുകയാണ്. ഒരു കലാപരിപാടി നടത്താൻ വേണ്ടിയാണ് യാത്ര. ദുബായിൽ അങ്ങനെ എല്ലാവരും പോകുന്ന കാലഘട്ടമല്ല. നസീർ സാറാണ് ഞങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഞാൻ, ലളിതച്ചേച്ചി, ഉർവശി, ലിസി എന്നിവരൊക്കെയുണ്ട്. ഒരുപാട് സാധനങ്ങളൊക്കെ വാങ്ങണമെന്ന് പദ്ധതിയിട്ട് വൻ ലിസ്റ്റുമായാണ് ലളിതച്ചേച്ചി വന്നത്. ഇന്നത്തേപ്പോലെ വലിയ എയർപോർട്ടൊന്നുമല്ല. വിമാനമിറങ്ങി ഞങ്ങൾ നടന്ന് വരുമ്പോൾ ലളിതച്ചേച്ചിയുടെ ഒരു ചോദ്യം. ഗൾഫിൽ വന്നിട്ട് തമാശയൊന്നുമില്ലേ എന്ന്. ഒരു കാര്യവുമില്ലാതെ പറയണോ എന്ന് ഞാൻ. അന്യരാജ്യത്തുവന്നിട്ട് ഒരു തമാശയെങ്കിലും പറ, ഞങ്ങളൊക്കെയുണ്ടല്ലോ എന്ന് ചേച്ചി.
ചേച്ചി എന്നെ ഓരോ കാര്യങ്ങൾ പറഞ്ഞ് പ്രകോപിതനാക്കുകയാണ്. വിമാനത്തിൽ കയറുന്നതിന് മുമ്പ് ചേച്ചി ക്ഷേത്രത്തിലൊക്കെ പോയി വലിയ ഒരു കുറിയൊക്കെ തൊട്ടായിരുന്നു വന്നത്. അത് ശ്രദ്ധിച്ച ഞാൻ പറഞ്ഞു വേറെ രാജ്യമാണ്, ചന്ദനക്കുറി മായ്ക്കണമെന്ന്. നീ പറയുമ്പോൾ മായ്ക്കാൻ പറ്റില്ല എന്ന് ചേച്ചിയും പറഞ്ഞു. ചേച്ചീ, സീരിയസ് ആയിട്ട് പറയുകയാണ് ഇത് വേറെ രാജ്യമാണ് മായ്ക്ക് എന്ന് ഞാൻ പിന്നെയും പറഞ്ഞു. എടാ മുകേഷേ നീ വേറെയാളെ നോക്കൂ, നിന്നെക്കാൾ കുറച്ചധികം ഓണം ഉണ്ടിട്ടുണ്ട് ഞാനെന്ന് ചേച്ചി മറുപടി പറഞ്ഞു. ആ അറിയാം ചന്ദനക്കുറി മായ്ക്കേണ്ടി വരും, ഇതൊരു മതേതര രാജ്യമാണ്. എല്ലാ മതക്കാരും ദേശക്കാരും വന്ന കോസ്മോപൊളിറ്റൻ സിറ്റിയല്ലേ ഇതൊന്നും പറ്റില്ലെന്ന് ഞാൻ പറഞ്ഞു.
കുറച്ചങ്ങ് ചെന്നപ്പോൾ അവിടെ ഞങ്ങളുടെ സ്പോൺസർ കൂടിയായ വി.ബി.കെ മേനോൻ നില്പുണ്ട്. വലിയ നിർമാതാവാണ്. അദ്ദേഹത്തെ ഞാൻ ചേച്ചിക്ക് കാണിച്ചുകൊടുത്തപ്പോൾ ചേച്ചി ഹായ് എന്നുപറഞ്ഞു. അദ്ദേഹം ഞങ്ങളെ കണ്ടതും ഒരു കാര്യവുമില്ലാതെ നെറ്റിയ്ക്ക് കുറുകെ കൈ വച്ചുകൊണ്ട് ഒരു ആംഗ്യം കാണിച്ചു. ഞാൻ അതിൽ കയറി പിടിച്ചു. ചേച്ചി കണ്ടോ ചന്ദനക്കുറി മായ്ക്കാനാണ് അദ്ദേഹം പറയുന്നതെന്ന് പറഞ്ഞു. ഇതോടെ ലളിതച്ചേച്ചി പരുങ്ങലിലായി. ഇതെന്തൊരു രാജ്യമാടാ എന്ന് പറഞ്ഞ് ചേച്ചി സാരിത്തുമ്പ് കൊണ്ട് ചന്ദനക്കുറി മായ്ച്ചു.
വി ബി കെ മേനോൻ അടുത്ത് വന്നപ്പോൾ ചേച്ചി ചന്ദനക്കുറിയൊന്നും ഇട്ടൂടല്ലേ എന്ന് ഒരുകാര്യവുമില്ലാതെ ചോദിച്ചു. അതെന്താ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ചേച്ചി നേരത്തേ മേനോൻ കാണിച്ച ആംഗ്യത്തിന്റെ കാര്യം പറഞ്ഞു. അയ്യോ ഞാൻ വിയർത്തുപോയല്ലോ എന്നാണ് ചോദിച്ചതെന്ന് മേനോൻ പറഞ്ഞു. ചേച്ചി തിരിഞ്ഞ് കയ്യിലിരുന്ന ബാഗ് വെച്ച് എനിക്കിട്ട് രണ്ട് അടി. ഞങ്ങൾ തമ്മിലുള്ള തമാശ അവിടെ തീരേണ്ടതാണ്. പക്ഷേ ഇത് ഒരു അറബി പോലീസ് കണ്ടു. അയാൾ ഓടി വന്നു. സംഭവം തമാശയാണെന്ന് അയാൾക്കറിയില്ലല്ലോ. ഞാൻ ചേച്ചിയോട് പറഞ്ഞു ജസ്റ്റ് ജോക്കിങ് എന്ന് പറയാൻ. ചേച്ചി അങ്ങനെ പറഞ്ഞതോടെ പോലീസുകാരൻ പോയി. തലനാരിഴയ്ക്ക് ഞാൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ ഞാൻ ജയിലിലായേനേ." മുകേഷ് പറഞ്ഞു.
Content Highlights: actor mukesh sharing about his first dubai travel, mukesh speaking youtube channel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..