മോഹൻലാൽ, മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് | photo: facebook/mohanlal, screengrab
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ആറ് വര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് മോഹന്‍ലാല്‍ എഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാകുന്നു. കത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും മോഹന്‍ലാല്‍ യൂട്യൂബില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്.
ബ്രഹ്മപുരം തീപിടിത്തത്തില്‍ സിനിമാതാരങ്ങള്‍ പ്രതികരണവുമായി എത്തവെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാലിന്യപ്രശ്‌നത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള മോഹന്‍ലാലിന്റെ കത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. താരത്തിന്റെ സ്വന്തം കൈപ്പടയിലുള്ള കത്താണിത്.
മോഹന്‍ലാല്‍ എന്ന നടന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന സൗഹൃദക്കത്തല്ല എന്ന ആമുഖത്തോടെയാണ് നടന്‍ എഴുതിത്തുടങ്ങുന്നത്. കേരളവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ തന്റെ ബ്ലോഗില്‍ എഴുതാറുണ്ടെന്നും മോഹന്‍ലാല്‍ കത്തില്‍ പറയുന്നുണ്ട്.
കത്തിലെ പ്രസക്ത ഭാഗങ്ങള്‍
കേരളത്തെ പേടിപ്പിക്കുന്ന ഭീകരന്‍ ആരാണ് എന്ന് ചോദിച്ചാല്‍ മാലിന്യം എന്ന് മാത്രമേ ഞാന്‍ ഉത്തരം പറയൂ. നമ്മുടെ ഒന്നിലധികം പ്രശ്‌നങ്ങള്‍ക്ക് കാരണം എല്ലായിടത്തും കുമിഞ്ഞുകൂടുന്ന മാലിന്യമാണ്. പകര്‍ച്ചവ്യാധികള്‍ മുതല്‍ അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ വരെ മാലിന്യക്കൂമ്പാരത്തിന് ചുറ്റും നിന്ന് ഉണ്ടാവുന്നതാണ്. ഞാനടക്കമുള്ള എത്രയോ കലാകാന്മാര്‍ ഇതിനെതിരെ നിരവധി ബോധവല്‍ക്കരണ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു കാര്യവുമില്ല.
മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിക്കുന്ന മാന്യമാര്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. ഞങ്ങള്‍ ഇതതെവിടെയാണ് കൊണ്ടുപോയി കളയുക? എന്ന കാതലായ ചോദ്യങ്ങളും നഗരവാസികള്‍ ചോദിക്കുന്നു. മാലിന്യം നിക്ഷേപിക്കാന്‍ കൃത്യമായ സ്ഥലങ്ങളും സൗകര്യങ്ങളുമുണ്ടാകുകയും എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം. ഈ യജ്ഞം ഒരു കഠിനവൃതമായി അങ്ങ് ഏറ്റെടുക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞുള്ള കേരളത്തെ ക്കുറിച്ച് ഓര്‍ക്കാന്‍ പോലും എനിക്ക് പേടിയാകുന്നു. തിരക്കിനിടയില്‍ എപ്പോഴെങ്കിലും ഒന്ന് കണ്ണടച്ചിരിക്കുമ്പോള്‍ അങ്ങും ഒന്ന് ഓര്‍ത്ത് നോക്കൂ...
Content Highlights: actor mohanlal writes letter to cm pinarayi vijayan on waste management
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..