മീനയും വിദ്യാസാഗറും | ഫോട്ടോ: എ.എൻ.ഐ
ഭർത്താവിന്റെ വിയോഗത്തിനുപിന്നാലെ തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി നടി മീന. ഫെയ്സ്ബുക്കിലൂടെയാണവർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിനുപിന്നാലെ ചില ഊഹാപോഹങ്ങൾ പടർന്നിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ മീന തന്നെ നേരിട്ട് പ്രതികരണവുമായെത്തിയത്.
"പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ബുദ്ധിമുട്ടേറിയ ഇതുപോലൊരു സമയത്ത് ഒപ്പം നിന്ന എല്ലാ നല്ല മനസുകളോടുമുള്ള നന്ദി അറിയിക്കുന്നു. മെഡിക്കൽ ടീം, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, രാധാകൃഷ്ണൻ ഐ.എ.എസ്, സഹപ്രവർത്തകർ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും നന്ദി പറയുന്നു". മീന കുറിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് വിദ്യാസാഗർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മീനയ്ക്കും ഭർത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങൾ തുടർന്നു. അദ്ദേഹം ആറുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്വാസകോശം മാറ്റിവെക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് വിദ്യാസാഗറിന്റെ മരണം. മീന-വിദ്യാസാഗർ ദമ്പതിമാർക്ക് നൈനിക എന്ന മകളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..